Latest NewsKeralaNews

‘ലീഗിന് വാക്ക് ഒന്നേയുള്ളൂ, പ്രവൃത്തി ഒന്നേയുള്ളൂ’: തോമസ് ഐസകിന്റെ പോസ്റ്റില്‍ രാഷ്ട്രീയമില്ലെന്ന് കുഞ്ഞാലിക്കുട്ടി

പഞ്ചായത്തിലൊക്കെ അഹമ്മദ് കുരിക്കളുടെ കാലം തൊട്ട് തുടര്‍ന്ന് വരുന്ന നയമാണ് എല്ലാവരുമായും സഹകരിക്കുക എന്നത്.

തിരുവനന്തപുരം: മുന്‍മന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. തോമസ് ഐസകിന്റെ കുറിപ്പിൽ രാഷ്ട്രീയമില്ലെന്നും മാധ്യമങ്ങള്‍ കഥയുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേയാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

‘ലീഗിന് വാക്ക് ഒന്നേയുള്ളൂ, പ്രവൃത്തി ഒന്നേയുള്ളൂ. അന്തസായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. അതുകൊണ്ട് ഭരണത്തില്‍ വരുന്ന മെറിറ്റും ഡീമെറിറ്റും ചൂണ്ടിക്കാട്ടുമ്പോള്‍, അത് ചായ്‌വ് ആണെന്നൊക്കെ വ്യാഖ്യാനിക്കുന്നത് അബദ്ധമാണ്. ജനങ്ങള്‍ തന്ന മാന്‍ഡേറ്റ് യു.ഡി.എഫിനെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുക എന്നുള്ളതാണ്. ആ മാന്‍ഡേറ്റിനപ്പുറം ഒരു ചര്‍ച്ചക്കും പ്രസക്തിയില്ല. ഐക്യജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുന്നതില്‍ ലീഗ് ഉറച്ച് നില്‍ക്കും’- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read Also: ചിൽഡ്രൻസ് ഹോമിൽ നിന്നും പുറത്തു പോയ കുട്ടിയെ വീണ്ടും കാണാതായി : സംഭവം സ്കൂളിൽ പോകുന്നതിനിടയിൽ

‘നിങ്ങള്‍ കഥയുണ്ടാക്കുന്നതിന് നമ്മളെന്ത് ചെയ്യാനാ. ഫേസ്ബുക്ക് പോസ്റ്റ് എന്നെ പറ്റി മാത്രമല്ലല്ലോ. പോസ്റ്റിലേത് ചരിത്രം പറയുന്നതല്ലേ. ഉമ്മന്‍ചാണ്ടിയെ പറ്റി പറഞ്ഞിട്ടുണ്ട്. വേറെ പലരേയും പറ്റി പറഞ്ഞിട്ടുണ്ട്. അതില്‍ രാഷ്ട്രീയമില്ല. യു.ഡി.എഫിന്റെ നയം ഒരു കാലത്തും നെഗറ്റീവ് ആയിട്ടില്ല. ക്രിയാത്മകമായിരുന്നു, പഞ്ചായത്തിലൊക്കെ അഹമ്മദ് കുരിക്കളുടെ കാലം തൊട്ട് തുടര്‍ന്ന് വരുന്ന നയമാണ് എല്ലാവരുമായും സഹകരിക്കുക എന്നത്. അതിനെ ആ നിലയില്‍ കാണാന്‍ കഴിയണം’- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button