തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം. ശിവശങ്കര്‍ ആത്മകഥ എഴുതിയത് മുന്‍കൂര്‍ അനുമതി വാങ്ങാതെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ശിവശങ്കര്‍ അനുമതി തേടിയിരുന്നില്ലെന്ന് അദ്ദേഹം രേഖാമൂലം നിയമസഭയെ അറിയിച്ചു. വിഷയം സംബന്ധിച്ചുള്ള നജീബ് കാന്തപുരം എം.എല്‍.എയുടെ ചോദ്യത്തിന് അനുമതി തേടിയിട്ടില്ല എന്ന ഒറ്റവരി ഉത്തരമാണ് മുഖ്യമന്ത്രി സഭയില്‍ നൽകിയത്. സ്വപ്ന സുരേഷിന്‍റെ ഭര്‍ത്താവിന് കെ ഫോണ്‍ പദ്ധതിയില്‍ ജോലി നല്‍കിയിട്ടില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. എം. വിൻസെന്റ് എം.എല്‍.എയുടെ ചോദ്യത്തിനാണ് നിയമനം നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
മുന്‍പ്, ശിവശങ്കര്‍ പുസ്തകം എഴുതാന്‍ അനുമതി വാങ്ങിയിരുന്നോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നില്ല. കൂടാതെ, ശിവശങ്കർ പുസ്തകം എഴുതിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നു. ‘താൻ കടന്നുപോയ അനുഭവങ്ങളെ കുറിച്ചാണ് ശിവശങ്കർ എഴുതിയത്. ദേശീയ അന്വേഷണ ഏജൻസികൾക്കും മാധ്യമങ്ങൾക്കുമെതിരെ അദ്ദേഹം പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങളിൽ വസ്തുതകളുണ്ട്’ മുഖ്യമന്ത്രി അന്ന് പറഞ്ഞു.
പുസ്തകത്തിലെ വെളിപ്പെടുത്തലുകളിൽ പൊള്ളലേറ്റവർക്ക് അദ്ദേഹത്തോട് പക ഉണ്ടായേക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്വർണ്ണക്കടത്ത് സംബന്ധിച്ച് വിവാദം ഉയർന്നപ്പോൾ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചെന്നും, വിഷയം ഇപ്പോൾ സുപ്രീം കോടതിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Post Your Comments