
രമേഷ് സ്വയ്ൻ, വയസ് 65. ഒഡീഷ പോലീസിനെ പോലും അമ്പരപ്പിച്ച തട്ടിപ്പു വീരൻ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഗ്രാമീണ തിരഞ്ഞെടുപ്പുകളിൽ ആധിപത്യം പുലർത്തുന്ന രാഷ്ട്രീയക്കാരെ പോലും പിന്നിലാക്കി, സംസ്ഥാനം അമ്പരപ്പോടെ ചർച്ച ചെയ്യുന്നത് ഇയാളുടെ തട്ടിപ്പ് കഥകളാണ്. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലെ പട്കുര സ്വദേശിയായ രമേഷിന് ഒരു ഹോബിയുണ്ട്, ഇഷ്ടം പോലെ യുവതികളെ വിവാഹം കഴിക്കുക. സുഖമായി ജീവിക്കുക. വർഷങ്ങളോളം ഇയാൾ താൻ വിവാഹം കഴിച്ച സ്ത്രീകളെയും പോലീസിനെയും പറ്റിച്ചു. ഒടുവിൽ കുടുങ്ങി.
ഇതുവരെ 18 സ്ത്രീകളെയാണ് 65 കാരനായ രമേഷ് വിവാഹം ചെയ്തിട്ടുള്ളത്. ഡോക്ടർമാർ മുതൽ സുപ്രീം കോടതി അഭിഭാഷക വരെയുണ്ട്, രമേഷിന്റെ ലിസ്റ്റിൽ. ഇത്രയും വിദ്യാഭ്യാസവും ജോലിയും കഴിവുമുള്ള സ്ത്രീകൾ എങ്ങനെയാണ് രമേഷിന്റെ വലയിൽ വീണതെന്ന അമ്പരപ്പിലാണ് പോലീസ്. സിനിമയെ പോലും വെല്ലുന്ന ജീവിതമാണ് രമേഷ് പോലീസിനോട് തുറന്ന് പറഞ്ഞത്.
Also Read:ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ ചൂട് ചെറുനാരങ്ങ വെള്ളം!
രണ്ട് യുവതികളെ മാത്രമാണ് സ്വന്തം സംസ്ഥാനത്ത് നിന്നും വിവാഹം ചെയ്തത്. ബാക്കി 16 ഭാര്യമാരും ഇതര സംസ്ഥാനത്ത് നിന്നും ഉള്ളവരാണ്. കൂട്ടത്തിൽ മലയാളിയുമുണ്ട്. ആഢംബര ജിവിതത്തിനായി വിവാഹത്തട്ടിപ്പ് നടത്തി വന്നിരുന്ന ഇയാളെ പിടികൂടാനായത്, ഡൽഹിയിൽ നിന്നുള്ള ഭാര്യയുടെ പരാതിയെ തുടർന്നാണ്. ചാർട്ടേഡ് അക്കൗണ്ടന്റ്, ഡോക്ടർമാർ, ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിലെ അസി.കമൻഡാന്റ്, ഇൻഷുറൻസ് കമ്പനിയിലെ ജനറൽ മാനേജർ, സുപ്രിംകോടതി അഭിഭാഷക എന്നിങ്ങനെ സമൂഹത്തിലെ ഉയർന്ന തലത്തിൽ തൊഴിൽ ചെയ്യുന്നവരാണ് ഇയാളുടെ ഇരകൾ.
1982ൽ ഒഡീഷയിലെ പരദീപിൽ നിന്നുള്ള ഒരു വനിതാ ഡോക്ടറെ ഇയാൾ വിവാഹം കഴിച്ചിരുന്നു. ഇത് ഇയാളുടെ രണ്ടാം വിവാഹമായിരുന്നു. മാട്രിമോണി വഴിയായിരുന്നു രമേഷിന്റെ വിവാഹാലോചന യുവതിയെ തേടിയെത്തിയത്. അന്വേഷിച്ചപ്പോൾ നല്ല പയ്യനാണെന്ന് കണ്ട ഇവർ ഉടൻ തന്നെ വിവാഹവും നടത്തി. 40 ന് മുകളിൽ പ്രായമുള്ള സ്ത്രീകളെയായിരുന്നു രമേഷ് പിന്നീട് ലക്ഷ്യം വെച്ചത്. ഇവരോടൊത്തുള്ള ദാമ്പത്യം ജീവിതം ആയിരുന്നില്ല രമേഷിന്റെ ഉദ്ദേശം. പരമാവധി സമ്പത്ത് അടിച്ചെടുത്ത ശേഷം മുങ്ങുക, എന്നിട്ട് മറ്റൊരു സ്ഥലത്ത് പുതിയ ഒരു വിവാഹം. ഇതായിരുന്നു രമേഷിന്റെ രീതി. അസമിലെ ഗുവാഹത്തിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ ഭാര്യമാരിലൊരാളായ ഒരു വനിതാ ഡോക്ടർ തന്റെ ഭർത്താവിന്റെ ഒളിച്ചോട്ട വാർത്ത കേട്ട് ബോധരഹിതയായിരുന്നു. ഇവരിൽ നിന്നും 23 ലക്ഷം രൂപയോളം രമേഷ് തട്ടിയെടുത്തിരുന്നു എന്നാണ് സൂചന.
Also Read:ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ ചൂട് ചെറുനാരങ്ങ വെള്ളം!
പലരോടും ഇയാൾ പറഞ്ഞിരിക്കുന്നത് അർധസത്യങ്ങളും വീരവാദങ്ങളും ആണ്. മിക്കവരും ഇതെല്ലാം കണ്ണുമടച്ച് വിശ്വസിച്ചു, പക്ഷേ അധികകാലം ഒരിടത്തും വാഴാതെ രമേഷ് അടുത്ത പാളയങ്ങൾ തേടി പോയി. വിവാഹം ആഢംബര ജീവിതം തുടരാനുള്ള മാർഗമായിട്ടാണ് രമേഷ് കണ്ടിരുന്നത്. സ്ത്രീകളെ വഞ്ചിച്ച് കൂടെ നിർത്തി സാമ്പത്തികമായി ചൂഷണം ചെയ്യും. ഇതിന് ശേഷം പുതിയ സ്ഥലം തേടി പോകും. 1982 മുതൽ തട്ടിപ്പ് തുടങ്ങിയ ഇയാൾ കബളിപ്പിച്ച സ്ത്രീകളുടെ വിവരങ്ങൾ പൂർണമായും ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. നിലവിൽ 18 പേരുടെ ലിസ്റ്റ് ആണ് പോലീസിന്റെ കൈവശമുള്ളത്. ലിസ്റ്റ് ഇനിയും നീളാൻ സാധ്യതയുണ്ട്.
Post Your Comments