മൊറിൻഡ: ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ള നേതാക്കളെല്ലാം നുണയന്മാരാണെന്നും അധികാരത്തിലെത്തിയാൽ ആം ആദ്മി പാർട്ടി സംസ്ഥാനത്ത് ഒരു മാറ്റവും കൊണ്ടുവരില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി. ആപ്പ് നേതാക്കളെ എല്ലായിടത്തു നിന്നും തിരസ്കരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പിന് ശേഷം വാർത്താ ഏജൻസിയായ എഎൻഐയോടാണ് പഞ്ചാബ് മുഖ്യമന്ത്രി ഇത് പറഞ്ഞത്.
‘കോൺഗ്രസിന് പകരം ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നാൽ പഞ്ചാബിൽ ഒരു മാറ്റവും ഉണ്ടാകില്ല, കാരണം അവർക്ക് എല്ലാ ഭാഗത്തുനിന്നും തിരസ്കരിക്കപ്പെടുന്ന രാഷ്ട്രീയ നേതാക്കളുണ്ട്. അരവിന്ദ് കെജ്രിവാൾ ഒരുപാട് കള്ളം പറയുന്ന ആളാണ്, അദ്ദേഹം വലിയ നുണകൾ പറയുകയും ഒന്നുകിൽ തന്റെ പ്രസ്താവനകൾ പിൻവലിക്കുകയോ ചിലപ്പോൾ മാപ്പ് പറയുകയോ ചെയ്യും’, അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, താൻ മത്സരിക്കുന്ന ചാംകൗർ സാഹിബ്, ബദൗർ എന്നീ രണ്ട് സീറ്റുകളിൽ നിന്നും മികച്ച ഭൂരിപക്ഷത്തിലാണ് താൻ വിജയിക്കുന്നതെന്നും ചന്നി പറഞ്ഞു. വോട്ടെടുപ്പ് ദിനമായ ഞായറാഴ്ച പഞ്ചാബിൽ ശരാശരി 70 ശതമാനം പോളിംഗ് രേഖപ്പെടുത്തി. എന്നാൽ 2017 ലെ വോട്ടിംഗ് ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്. എല്ലാ മുന്നണികളും വിജയം അവകാശപ്പെടുന്നുണ്ട്. ഇത്തവണത്തെ വിജയം ആർക്കെന്ന് പ്രവചനാതീതം ആണെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments