കിഴക്കമ്പലം: സിപിഎമ്മിനെതിരെ വിമർശനവുമായി കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ അച്ഛൻ കുഞ്ഞാറു. ദീപുവിനെ മർദ്ദിക്കുന്നത് ഞങ്ങൾ കണ്ടിരുന്നു. ഓടിച്ചെന്ന് പിടിച്ച് മാറ്റാൻ ശ്രമിച്ചപ്പോഴും മകനെ അവർ മർദിച്ചെന്നും കരഞ്ഞുകൊണ്ട് കുഞ്ഞാറു പറഞ്ഞു. ട്വന്റി -20 യുടെ കമ്മറ്റിയംഗമായപ്പോൾ മുതൽ ദീപുവിനോട് സിപിഎംകാർക്ക് പ്രശ്നങ്ങളുണ്ട്. നിന്റെ അച്ഛനെ ഓർത്തിട്ടാണ് അല്ലെങ്കിൽ ഞങ്ങൾ നിന്നെ പണ്ടേ കൊന്നേനെ എന്ന് സിപിഎംകാർ മകനോട് പറഞ്ഞിരുന്നു എന്നും കുഞ്ഞാറു പറഞ്ഞു.
‘അവർ കൊല്ലുമെന്ന് പേടിച്ച് പണിക്ക് പോലും വിടാതിരുന്നതാ, എന്നിട്ടും അവർ…. അയൽവക്കത്ത് ആരോടും വേണേലും ചോദിക്ക്, ഒരാളോടും ഒന്ന് നീങ്ങി നിൽക്കാൻ പോലും പറയാത്ത ആളാണ് ദീപു. അവർ കൊല്ലാൻ വേണ്ടി കരുതിക്കൂട്ടി നിന്നതാ, കുറച്ച് ദിവസമായി പിറകേ നടക്കുവായിരുന്നു. ദീപുവിനെ തല്ലിയവനും അവന്റെ ബാപ്പയും ഉൾപ്പെടെ കുറിച്ച് പേർ ഞായറാഴ്ച പാർട്ടി ഫണ്ട് പിരിക്കാൻ വീട്ടിൽ വന്നിരുന്നു. കൈയ്യിലുണ്ടായിരുന്ന അഞ്ച് രൂപയും അവർക്ക് കൊടുത്തു. ഏത് പാർട്ടിക്കാർ വന്നാലും ഉളള പൈസ ഞങ്ങൾ നൽകാറുണ്ട്. ശനിയാഴ്ച താൻ പണിക്ക് വിടാതിരുന്നത് കൊണ്ട് ഞായറാഴ്ചയും അവൻ പുറത്ത് പോയിരുന്നില്ല. ശനിയാഴ്ച വിട്ടാൽ അവൻ ഒറ്റയ്ക്കല്ലേ പോകുന്നത് എവിടെയെങ്കിലും ചെന്ന് ഒരു ഒച്ചപ്പാടും തമ്മിൽ തല്ലും ഉണ്ടായാൽ എന്റെ കൊച്ച് പോകും അതുകൊണ്ടാണ് വിടാതിരുന്നത്. ആ ദേഷ്യത്തിൽ പിറ്റേന്ന് അവൻ എന്നോട് മിണ്ടിയില്ല. ഭക്ഷണം പോലും കഴിച്ചില്ലെന്ന് തോന്നുന്നു. എനിക്ക് ഹാർട്ടിന് അസുഖമുണ്ട്. മകളെയും കൂട്ടി തിങ്കളാഴ്ച ആശുപത്രിയിൽ പോയി വന്നപ്പോൾ, മകനും അവന്റെ അമ്മയുമായി തർക്കമുണ്ടായി. ഞാൻ അവനെ ആശുപത്രിയിൽ വിട്ടില്ലെന്നാണ് അവൻ പറഞ്ഞത്. ആശുപത്രിയിൽ പോയാൽ രക്ഷപെടുമായിരുന്നു എന്നും അവർ പറഞ്ഞു. അപ്പോൾ തന്നെ ഒരു ഓട്ടോറിക്ഷ വിളിച്ച് ഞാനവനെ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടു. പിന്നെ എന്റെ മകനെ ഞാൻ കണ്ടിട്ടില്ല’- കുഞ്ഞാറു പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് ദീപുവിനെ സിപിഎമ്മുകാർ വളഞ്ഞിട്ട് മർദ്ദിച്ചത്. കഴുത്തിന് കുത്തിപ്പിടിച്ച് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് സംഭവത്തിന് ദൃക്സാക്ഷിയായ പഞ്ചായത്ത് അംഗം നിഷ അലിയാർ പറയുന്നത്. തടയാൻ ചെന്നപ്പോൾ തന്നെയും ആക്രമിക്കാൻ ശ്രമിച്ചെന്നും ഭരണം തങ്ങൾക്കാണെന്നും ആശുപത്രിയിൽ പോയാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയതായും നിഷ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇവരുടെ ഭീഷണിയിൽ ഭയന്നാണ് ദീപു രണ്ട് ദിവസം ചികിത്സ തേടാതിരുന്നത്. പിന്നീട് ചോര തുപ്പിയതോടെയാണ് രണ്ട് ദിവസത്തിന് ശേഷം വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Post Your Comments