ആലപ്പുഴ: ആരോപണങ്ങൾ എല്ലാം പിൻവലിച്ച് എസ്എൻഡിപി മാവേലിക്കര യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസു വീണ്ടും വെള്ളാപ്പള്ളി പാളയത്തിൽ തിരിച്ചെത്തി. വെള്ളാപ്പള്ളി നടേശനും കുടുംബത്തിനും എതിരായി ഉന്നയിച്ച ആരോപണങ്ങൾ എല്ലാം തെറ്റ് ആയിരുന്നുവെന്നും, എല്ലാത്തിനും പിന്നിൽ ഗോകുലം ഗോപാലൻ ആണെന്നും സുഭാഷ് വാസു പറഞ്ഞു.
‘ഇനിയുള്ള കാലം വെള്ളാപ്പള്ളി നടേശനൊപ്പം ഒന്നിച്ച് പോകും. തൽക്കാലം സംഘടനാ പ്രവർത്തനങ്ങളിൽ ഇടപെടില്ല. എൻജിനീയറിങ് കോളേജിന്റെ ഭരണം തിരിച്ചുപിടിക്കുകയാണ് ആദ്യ ലക്ഷ്യം’ അദ്ദേഹം കൂട്ടിച്ചേർത്തു. ‘കട്ടച്ചിറ എൻജിനീയറിങ് കോളേജിന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറ്റെടുക്കാമെന്ന് പറഞ്ഞ് ഗോകുലം ഗോപാലൻ എന്നെ പ്രലോഭിപ്പിച്ച് പറ്റിക്കുകയായിരുന്നു. എന്നെകൊണ്ട് വെള്ളാപ്പള്ളിക്കും തുഷാറിനും എതിരെ അവർ തെറി പറയിപ്പിച്ചു. രക്ഷകനായി എത്തിയ ഗോകുലം ഗോപാലൻ അവസാനം കാലനായി. അയാൾ എല്ലാം സ്വന്തം കൈപ്പിടിയിൽ ആക്കി. ഞാൻ ഗോകുലം ഗോപാലൻ്റെ ചിട്ടി കമ്പനിയിലെ മാനേജർ അല്ല. എന്നെ കോളേജിന്റെ ഭരണസമിതിയിൽ നിന്ന് പുറത്താക്കാൻ ഗോപാലന് അധികാരമില്ല’ സുഭാഷ് വാസു ആരോപിച്ചു.
‘വെള്ളാപ്പള്ളി നടേശനുമായി എനിക്ക് കുടുംബ തർക്കം മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ എല്ലാം പരിഹരിച്ചു. വൈകാതെ തന്നെ വെള്ളാപ്പള്ളി നടേശനെ നേരിട്ട് കാണും’ സുഭാഷ് വാസു പറഞ്ഞു.
Post Your Comments