ബിജെപിയ്ക്ക് വോട്ട് ചെയ്ത് ജയിപ്പിച്ചില്ലെങ്കിൽ യുപി കേരളമോ ബംഗാളോ പോലെയാകുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസിന്റെ ദേശീയ വക്താവ് ഷമ മുഹമ്മദ് രംഗത്ത് വന്നിരുന്നു. ചാനൽ ചർച്ചയ്ക്കിടെ യോഗി ആദിത്യനാഥിനെ ക്രിമിനൽ എന്ന് വിളിച്ചായിരുന്നു ഷമയുടെ ആക്ഷേപം. ഇതിനെതിരെ ബിജെപി നേതാക്കൾ വിമർശനവുമായി രംഗത്തെത്തി. യു.പി മുഖ്യമന്ത്രിയെ ക്രിമിനൽ എന്ന് വിളിച്ച ഷമയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയർന്നു. ഈ സാചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഷമയ്ക്ക് നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ, തനിക്ക് നേരെയുള്ള പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി നൽകുകയാണ് ഷമ.
തന്നെ എത്രത്തോളം കരി വാരിത്തേക്കാൻ ശ്രമിക്കുന്നുവോ, അത്രത്തോളം താൻ ശക്തയാകും എന്നാണ് ഷമ പറയുന്നത്. ‘യോഗി ഭക്തർക്ക് മനസ്സിലാകാത്ത ഒരു കാര്യം, നിങ്ങൾ എന്നെ എത്രത്തോളം അപമാനിക്കുവാനും കരി വാരിത്തേക്കുവാനും ശ്രമിക്കുന്നുവോ, അത്രത്തോളം ഞാൻ ശക്തയാവും എന്നതാണ്’, ഷമ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, യോഗിക്കെതിരായ ഷമയുടെ വിവാദ പരാമർശത്തിൽ ഇവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി യുവമോർച്ച പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്ത് കത്തയച്ചിരുന്നു. ഫെബ്രുവരി 14ന് നടന്ന ചാനൽ ചർച്ചയിലാണ് ഷമ മുഹമ്മദ് യോഗി ആദിത്യനാഥിനെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചത്. ചർച്ചയിൽ പങ്കെടുത്ത ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാചസ്പതി ഷമയോട് മാപ്പ് പറയണമെന്നും, വാക്ക് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് വാക്താവ് ഇതിനു തയ്യാറായില്ല. സംഭവത്തിൽ ഇവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ഉത്തർപ്രദേശ് പോലീസ് മേധാവിക്കുമാണ് പ്രശാന്ത് ശിവൻ പരാതി നൽകിയിരിക്കുന്നത്.
Post Your Comments