തിരുവനന്തപുരം: ആശ്വാസ നിധി പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ അറിയിച്ചു. ചികിത്സയ്ക്കും രോഗ ശുശ്രൂഷയ്ക്കും പരമാവധി 50,000 രൂപ വരെ സഹായധനമായി നൽകുന്ന പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. അശരണരും ആലംബഹീനരുമായ സഹകാരികൾ അവരുടെ ആശ്രിതർ എന്നിവർക്ക് ഈ പദ്ധതി വഴി സഹായം ലഭിക്കും.
ജീവിതകാലം മുഴുവൻ സഹകരണ മേഖലയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും വാർദ്ധക്യ കാലത്ത് വരുമാനമില്ലാതെ അവശരാകുകയും ചെയ്തവരെ പരിഗണിക്കുകയാണ് സഹകരണ വകുപ്പെന്നു മന്ത്രി പറഞ്ഞു.
മൂന്ന് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്കായിരിക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. അപേക്ഷ നൽകിയാൽ കാലതാമസമില്ലാതെ സഹായം അനുവദിക്കുന്നതിനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്. സഹകരണ മേഖലയിൽ താലൂക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിൽ വളരെക്കാലം പ്രവർത്തിക്കുകയും സഹകരണ മേഖലയുടെ പുരോഗതിക്കായി പ്രയത്നിക്കുകയും ചെയ്തവർക്കാണ് ആശ്വാസ നിധിയിൽ നിന്ന് സഹായം ലഭിക്കുക. അർഹതപ്പെട്ട സഹകാരി മരണപ്പെട്ടാൽ ഇവരുടെ ആശ്രിതർക്ക് ( അമ്മ, ഭാര്യ, മകൻ, മകൾ, വളർത്തു മകൾ, വളർത്തു മകൻ ) 25,000 രൂപയും സഹായധനമായി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments