കിഴക്കമ്പലം : സിപിഎം പ്രവർത്തകരുടെ മർദനമേറ്റു ചികിത്സയിലായിരിക്കെ മരിച്ച ട്വന്റി20 അഞ്ചാം വാർഡ് ഏരിയ സെക്രട്ടറി സി.കെ.ദീപുവിന്റെ (38) മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കിഴക്കമ്പലം ട്വന്റി20 നഗറിൽ എത്തിച്ചു. അന്തിമോപചാരം അർപ്പിക്കാനായി നിരവധി പേരാണ് എത്തുന്നത്. മർദനത്തെത്തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായ ദീപു അതീവ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ട്വന്റി20 ഭരിക്കുന്ന കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ, ഐക്കരനാട് പഞ്ചായത്തുകളിലെ വഴിവിളക്കുകൾ തെളിക്കുന്നതിനായി നടപ്പാക്കിയ സ്ട്രീറ്റ് ലൈറ്റ് ചാലഞ്ചിനെതിരെ പി.വി.ശ്രീനിജിൻ എംഎൽഎയടക്കമുള്ളവർ രംഗത്തെത്തിയതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ദീപു സ്വന്തം വീട്ടിൽ വിളക്ക് അണച്ച ശേഷം അടുത്ത വീട്ടിലേക്കു പോകുമ്പോഴാണു വഴിയിൽ സിപിഎം പ്രവർത്തകർ മർദിച്ചത്.
പ്രതികളായ ചേലക്കുളം കാവുങ്ങപ്പറമ്പ് വലിയപറമ്പിൽ അസീസ്, പാറാട്ട് വീയൂട്ട് അബ്ദുൽ റഹ്മാൻ, പാറാട്ട് സൈനുദീൻ, നെടുങ്ങാട്ട് ബഷീർ എന്നിവരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി.
Post Your Comments