തിരുവനന്തപുരം: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും നാടിന്റെ വികസനത്തിനായി എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ആർക്കുവേണമെങ്കിലും വ്യവസായം തുടങ്ങാം. തൊഴിൽ നൽകാൻ എത്തുന്നവരോട് ശത്രുത മനോഭാവം പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘എൽ ഡി എഫ് നൽകിയ വാഗ്ദാനം നടപ്പിലാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് എല്ലാം ഒരുമിച്ചാക്കി. ചിതറി കിടന്ന വിഭാഗങ്ങൾ പദ്ധതികളുടെ ഏകോപനത്തിന് തടസമായിരുന്നു. ഇത് നീക്കാനാണ് ഏകോപിത സർവ്വീസ്. സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 35 മുതൽ 40 ശതമാനം തദേശ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുന്നു. തദേശ സ്ഥാപനങ്ങൾക്കുണ്ടാകുന്ന വിനോദ നികുതി നഷ്ടം സർക്കാർ നികത്തും. സംവാദങ്ങൾ ശക്തിപ്പെടുത്തണം. അയൽക്കൂട്ടങ്ങൾ, റസിഡൻറസ് അസോസിയേഷൻ എന്നിവ ഗ്രാമസഭകളുമായി ബന്ധപ്പെടുത്തണം. വാർഡ് വികസനം കരുതുറ്റതാകണം. ഇതിനായി വിദഗ്ദ്ധരുടെ സേവനം തേടണം’-മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ സേവനങ്ങൾ പൗരന്റെ അവകാശമാണ്. അഴിമതി വെച്ച് പൊറുപ്പിക്കില്ല. ചില ഉദ്യോഗസ്ഥർ വ്യവസായികളിൽ നിന്നും പണം വാങ്ങുന്നതായി കേൾക്കുന്നു. അങ്ങനെയുള്ളവർക്ക് ഇനി വീട്ടിൽ നിന്ന് അധിക നാൾ ഭക്ഷണം കഴിക്കാനാകില്ലെന്നും ജയിലുകളിലായിരിക്കും അവരുടെ ഭക്ഷണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments