മുംബൈ: ആദ്യവിവാഹം നിയമപരമായി വേർപെടുത്താതെയുള്ള രണ്ടാംവിവാഹത്തിലെ ഭാര്യയ്ക്ക് ഭർത്താവിന്റെ പെൻഷന് അർഹതയില്ലെന്ന് ബോംബെ ഹൈക്കോടതി. പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് സോലാപുർ സ്വദേശിനി ഷമാൽ ടേറ്റ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ എസ്.ജെ. കതവല്ല, മിലിന്ദ് ജാദവ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ വിധി.
ആദ്യവിവാഹം നിയമപരമായി ഒഴിവാക്കാതെയുള്ള രണ്ടാംവിവാഹം ഹിന്ദുവിവാഹ നിയമപ്രകാരം അസാധുവാണെന്നുള്ള വിധികൾ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ളതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഷമാൽ ടേറ്റിന്റെ ഭർത്താവ് മഹാദേവ് സോലാപുർ ജില്ലാ കളക്ടറുടെ ഓഫീസിലെ പ്യൂണായിരുന്നു. ഹർജിക്കാരിയെ വിവാഹം കഴിക്കുന്നതിനുമുമ്പ് മഹാദേവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു.
ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ റിട്ടയർമെന്റ് ആനുകൂല്യത്തിന്റെ 90 ശതമാനം ആദ്യഭാര്യയ്ക്കും പ്രതിമാസ പെൻഷൻ രണ്ടാംഭാര്യയ്ക്കും ലഭിക്കുമെന്നുമായിരുന്നു ധാരണ. മഹാദേവ് 1996-ൽ മരിച്ചു.എന്നാൽ, ആദ്യഭാര്യ അർബുദം ബാധിച്ച് മരിച്ചതിനെത്തുടർന്ന് മഹാദേവിന്റെ പെൻഷൻ കുടിശ്ശികയും ആനുകൂല്യത്തിന്റെ 90 ശതമാനവും നൽകണമെന്ന് ആവശ്യപ്പെട്ട് രണ്ടാംഭാര്യ ഷമാൽ ടേറ്റ് സംസ്ഥാന സർക്കാരിന് അപേക്ഷ നൽകി.
ഇത് സംസ്ഥാന സർക്കാർ നിരസിച്ചു. തുടർന്നാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. മഹാദേവിന്റെ മൂന്നു കുട്ടികളുടെ അമ്മയായതിനാലും ഇരുവരും തമ്മിലുള്ള ബന്ധം സമൂഹത്തിന് അറിയാമെന്നതിനാലും പെൻഷൻ ലഭിക്കാൻ അർഹതയുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു ഹൈക്കോടതിയിൽ ഹർജി നൽകിയത്. നിയമപരമായി വിവാഹിതയായ ഭാര്യയ്ക്ക് മാത്രമേ കുടുംബ പെൻഷന് അർഹതയുള്ളൂവെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് ശരിയാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
Post Your Comments