
കോഴിക്കോട്: പ്രായപൂർത്തിയാവാത്ത ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ പോലീസ് പിടിയിൽ. ഫെബ്രുവരി 14 ന് വാലൻറൈൻ ദിനത്തിലാണ് സംഭവം. പേരാമ്പ്ര ചേർമലയിൽ വരുൺരാജ് (26), മുയിപ്പോത്ത് ഉരുണി കുന്നുമ്മൽ ശ്യാംലാൽ (26) എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ചു എന്നതാണ് കേസ്.
പെൺകുട്ടിക്ക് കഞ്ചാവും മയക്കുമരുന്നും നൽകിയാണ് പീഡനം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അന്നേ ദിവസം രാവിലെ പോയ പെൺകുട്ടിയിൽ വൈകീട്ട് തിരിച്ചെത്തിയപ്പോൾ തീർത്തും അവശയായിരുന്നു. സംശയം തോന്നിയ വീട്ടുകാരാണ് കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പീഡനം നടന്നതായി അറിയുന്നത്.
ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുള്ള പെൺകുട്ടി ആരോഗ്യസ്ഥിതി വീണ്ടെടുത്തിട്ടില്ല.വടകര ഡി.വൈ.എസ്.പി. അബ്ദുൾ ഷെറീഫ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടി നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിൽ തന്ത്രപരമായ നീക്കം നടത്തിയാണ് പ്രതികളെ 24 മണിക്കുറിനകം പിടികൂടാൻ കഴിഞ്ഞത്.
പോക്സോ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. സി.ഐ. എൻ.സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പീഡന സംഘത്തിൽ കൂടുതൽപേർ ഉണ്ടെന്ന വിവരത്തിൻറെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയതായി ഡി.വൈ.എസ്.പി .അബ്ദുൾ ഷെറീഫും.സി.ഐ. എൻ.സുനിൽകുമാറും പറഞ്ഞു.
Post Your Comments