പത്തുകൊല്ലം ഒറ്റമുറിവീട്ടില്‍ ആരുമറിയാതെ താമസിച്ച നെന്മാറയിലെ റഹ്മാനെയും സജിതയെയും ആരും അത്ര പെട്ടന്ന് മറക്കാനിടയില്ല. പ്രണയിച്ച പെണ്‍കുട്ടിയെ ആരും കാണാതെ യുവാവ് 10 വര്‍ഷം ഒറ്റമുറിയില്‍ പാര്‍പ്പിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു. നെന്മാറ സ്വദേശിയായ റഹ്‌മാനാണ് വീട്ടുകാരും നാട്ടുകാരുമറിയാതെ സ്‌നേഹിച്ച പെണ്‍കുട്ടിയെ വീട്ടില്‍ ഒളിപ്പിച്ചത്. നവംബറില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത് പുതിയ ജീവിതം തുടങ്ങിയ ഇവരിപ്പോൾ പ്രാരാബ്ധങ്ങളില്‍ നിന്ന് കരകയറാനുള്ള ഓട്ടത്തിലാണ്.
സജിതയ്ക്ക് ചികിത്സ നടത്തുകയാണിപ്പോൾ. ചികിത്സാച്ചിലവും വാടകവീട് ഒഴിഞ്ഞതും എല്ലാം ഇതിനിടയിൽ സംഭവിച്ചത്. ഇക്കഴിഞ്ഞ പ്രണയദിനത്തിൽ മലയാളികൾ അന്വേഷിച്ച പ്രണയജോഡികളിൽ ഇവരുമുണ്ടായിരുന്നു. പരസ്പരം താങ്ങും തണലുമായി മുന്നോട്ടു പോവുകയാണ് ഇവരിപ്പോൾ. നിലവിൽ സജിതയുടെ അയിലൂരിലെ വീട്ടിലാണ് ഇരുവരും താമസിക്കുന്നത്. വാടകവീട്ടിലേക്ക് മാറിത്താമസിച്ചിരുന്നുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം, ഒഴിഞ്ഞു. ഇവരെ സജിതയുടെ മാതാപിതാക്കൾ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. റഹ്‌മാനും ഇവിടെ തന്നെയാണ് താമസം.
Also Read:രാഷ്ട്രീയം ചർച്ചയായില്ല: വെള്ളാപ്പള്ളി- പിണറായി കൂടിക്കാഴ്ച നടത്തി
കാല്‍ ഞരമ്പിന് ശസ്ത്രക്രിയ വേണ്ടിവന്നിരുന്നു സജിതയ്ക്ക്. വാടക വീട്ടിലൊറ്റയ്ക്ക് കഴിയാനാവാത്ത സാഹചര്യവുമായിരുന്നു. ജീവിതച്ചിലവും ചികിത്സാച്ചിലവുമായി പണം ഒരുപാട് വേണ്ടി വന്നു. പലരോടും കടംവാങ്ങിയാണ് ഇപ്പോൾ ജീവിതം മുന്നോട്ട് പോകുന്നത്. സജിതയുടെ രോഗം ഭേദമായി വരുന്നതേയുള്ളൂ. വാടക വീട് അന്വേഷിച്ച് തുടങ്ങിയെങ്കിലും കൈപ്പിടിയിൽ ഒതുങ്ങുന്നത് ഒരെണ്ണം കിട്ടാൻ വളരെ ബുദ്ധിമുട്ട് ആണ്. റേഷന്‍ കാര്‍ഡ് എടുക്കാനുള്ള ശ്രമത്തിലാണ് ഇരുവരും. അരിയെങ്കിലും മുടങ്ങാതെ കിട്ടുമല്ലോ എന്നാണ് റഹ്‌മാൻ പറയുന്നത്. സ്വന്തമായി ഒരു വീട് ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഇരുവരും ഒരുമിച്ച് പറയുന്നു.
ഇരുവരുടെയും വിവാഹത്തിന് സജിതയുടെ വീട്ടുകാർ എത്തിയിരുന്നുവെങ്കിലും റഹ്മാന്റെ വീട്ടുകാർ പങ്കെടുത്തിരുന്നില്ല. ഇവർ ഇപ്പോഴും പിണക്കത്തിലാണെന്നാണ് വിവരം. കാമുകന്‍റെ വീട്ടിൽ ഒറ്റ മുറിക്കുള്ളിൽ ആരോരുമറിയാതെ ഒരു ദശാബ്ദം ഒരു പെൺകുട്ടി ഒളിവ് ജീവിതം നയിച്ചു എന്ന് കേട്ടപ്പോൾ ഒരു നിമിഷം ഏവരും ഞെട്ടിപ്പോയി. ‘അവിശ്വസനീയം’ എന്നായിരുന്നു മലയാളികൾ ഒന്നടങ്കം ഈ സംഭവത്തെ വിശേഷിപ്പിച്ചത്. എന്നാൽ, വിശ്വസനീയവും അത്ഭുതകരവുമായ ജീവിതകഥയാണ് സജിതയും റഹ്മാനും മലയാളക്കരയ്ക്ക് സമ്മാനിച്ചത്.
Also Read:8 ശതമാനം പ്രീമിയവുമായി സ്റ്റോക്ക് മാർക്കറ്റിൽ ഉജ്ജ്വല തുടക്കം കുറിച്ച് വേദാന്ത് ഫാഷൻസ്
മലയാളക്കരയെ അമ്പരപ്പിച്ച ആ കഥയിങ്ങനെ:
പാലക്കാട് ജില്ലയിലെ നെന്മാറയിലെ അരിയൂരിനടുത്തുള്ള കാരയ്ക്കാട്ടുപറമ്പ് എന്ന ഉള്‍ഗ്രാമത്തിലായിരുന്നു സംഭവം. പത്ത് വർഷങ്ങള്‍ക്ക് മുമ്പ് ഇവിടുന്ന് 19 വയസുള്ള ഒരു പെൺകുട്ടിയെ കാണാതായി. പെൺകുട്ടിയുടെ പേര് സജിത. വീട്ടുകാരും നാട്ടുകാരും എന്തിനേറെ, പോലീസും നാടൊട്ടുക്ക് അന്വേഷണം ആരംഭിച്ചു. പക്ഷെ, കാര്യമൊന്നുമുണ്ടായില്ല. റഹ്മാൻ എന്നൊരു യുവാവുമായി സജിതയ്ക്ക് അടുപ്പമുണ്ടായിരുന്നു എന്നറിഞ്ഞ പൊലീസ് അന്ന് ഇയാളെ ചോദ്യം ചെയ്തു. പെൺകുട്ടിയെ കണ്ടെത്താനായില്ല. ഒടുവിൽ സാജിതയെ എല്ലാവരും മറന്നു, പോലീസ് അന്വേഷണം അവസാനിപ്പിച്ചു. വർഷങ്ങൾക്ക് ശേഷമാണ് സജിതയെ ഏവരും സംശയിച്ച റഹ്‌മാന്റെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തുന്നത്.
റഹ്മാനും സജിതയും തമ്മിൽ പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും രണ്ട് മതവിഭാഗത്തിൽ പെട്ടവർ ആയിരുന്നതിനാൽ വീട്ടുകാർ എതിർക്കുമെന്ന് ഇവർക്ക് അറിയാമായിരുന്നു. അങ്ങനെയാണ് സജിത ആരുമറിയാതെ റഹ്മാന്‍റെ വീട്ടിനുള്ളിലെ മുറിക്കുള്ളിലേക്കുള്ള സാഹസിക ജീവിതം തുടങ്ങിയത്. പതുക്കെ എല്ലാവരോടും പറയാം എന്നായിരുന്നു ഇവർ കരുതിയിരുന്നത്. എന്നാൽ, കാലതാമസം വന്നു. അതിനിടയില്‍ ഇരുവരും മുറിയിലെ ജീവിതത്തോട് മാനസികമായി പൊരുത്തപ്പെടുകയും ചെയ്തു. നാട്ടുകാരില്‍ നിന്നും റഹ്‌മാൻ കൃത്യമായ അകലം പാലിച്ചു. ആരുമറിയാതെ, ആര്‍ക്കും സംശയം തോന്നാതെ ഭക്ഷണവും വെള്ളവുമെല്ലാം തനിക്കാണെന്ന വ്യാജേന ഇയാള്‍ മുറിയില്‍ എത്തിച്ചു. ജനല്‍ വഴി ശുചിമുറിയില്ലെത്താനുള്ള സൗകര്യമടക്കം ഒരുക്കിയിരുന്നു ഇയാൾ. അങ്ങനെ പത്ത് വര്ഷം മുന്നോട്ട് പോയി.
Also Read:ടെന്‍ഷന്‍ അകറ്റാൻ പേരയ്ക്ക
ഇതിനിടെ റഹ്മാനെ വീട്ടില്‍ നിന്ന് കാണാതായി. പൊലീസിൽ കുടുംബം പരാതി നൽകുകയും ചെയ്തു. ദിവസങ്ങൾക്കിപ്പുറം റഹ്മാനെ അവിചാരിതമായി സഹോദരന്‍ നെന്മാറയില്‍ വെച്ച് കണ്ടു. വിവരം പൊലീസിൽ അറിയിച്ചു. അങ്ങനെയാണ് റഹ്മാൻ പിടിയിലാകുന്നത്. ചോദ്യം ചെയ്യലിലാണ് ഭാര്യയോടൊപ്പം വിത്തനശേരിയിലാണ് താമസിക്കുന്നതെന്ന് യുവാവ് പറഞ്ഞത്. വിവാഹിതനായ കാര്യം സഹോദരന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞതോടെ പൊലീസ് കൂടുതല്‍ കാര്യങ്ങള്‍ തിരക്കി. അപ്പോഴാണ് 10 വര്‍ഷത്തെ അവിശ്വസനീയ കഥ യുവാവ് പറഞ്ഞത്. കഥ കേട്ട പൊലീസിനൊപ്പം കേരളവും ഒന്നാകെ ഞെട്ടുകയായിരുന്നു. റഹ്മാനെതിരെ കേസെടുക്കരുതെന്ന സജിതയുടെ ആവശ്യം ഏവരും അംഗീകരിക്കുകയും ചെയ്തു. ‘സ്വന്തം ഇഷ്ടപ്രകാരം’ എന്ന നിലപാടിൽ സജിത ഉറച്ചുനിന്നതോടെ വിമർശകരും പതിയെ പിൻവാങ്ങി.
Post Your Comments