ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആംആദ്മി പാർട്ടിയുടെ ഭരണം വെറും ഊതിവീർപ്പിച്ച കുമിള മാത്രമാണെന്ന് തെളിയിച്ചു സർവേ. കെജ്‌രിവാളിന്റെ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഡൽഹിയിലെ ഭൂരിപക്ഷം ജനങ്ങൾ. തുടർച്ചയായ രണ്ടാം തവണയും അധികാരത്തിൽ എത്തിയിട്ടും പല കാര്യങ്ങളിലും സർക്കാർ ഇപ്പോഴും പിന്നോക്കമാണെന്നാണ് ജനങ്ങളുടെ അഭിപ്രായം. എഎപി രാജ്യ തലസ്ഥാനത്ത് ഭരണം കീഴടക്കി ഏഴ് വർഷം പിന്നിട്ടതിന്റെ ഭാഗമായി നടത്തിയ സർവേയിലാണ് ജനങ്ങൾ അതൃപ്തി പ്രകടിപ്പിച്ചത്.
ഡൽഹിയിലെ മൂന്നിലൊന്ന് ആളുകൾ മാത്രമാണ് എഎപിയുടെ പ്രവർത്തനങ്ങളിൽ സന്തുഷ്ടരായിട്ടുള്ളത് എന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. സർവേക്കായി ഡൽഹിയിലെ 11 ജില്ലകളിൽ നിന്നുള്ള 37,500 ആളുകളുടെ അഭിപ്രായങ്ങളാണ് പ്രാദേശിക സർക്കിൾ തിരഞ്ഞെടുത്തത്. ഇവരിൽ 67 ശതമാനം പുരുഷന്മാരും, 33 ശതമാനം സ്ത്രീകളും ഉൾപ്പെട്ടിരുന്നു.ഡൽഹിയിലെ പ്രാദേശിക സർക്കിളാണ് സർവേ നടത്തിയത്. കൊറോണ പ്രതിരോധം, മലിനീകരണം തടയൽ, അഴിമതി നിവാരണം എന്നിവയിൽ എഎപി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ചാണ് സർവേ നടത്തിയത്.
2015ലാണ് ഡൽഹിയിൽ ആംആദ്മി പാർട്ടി അധികാരത്തിലെത്തിയത്. അന്ന് ജനങ്ങൾക്കായി പല പദ്ധതികളും പാർട്ടി ആവിഷ്‌കരിച്ചിരുന്നു. വൻ വാഗ്ദാനങ്ങൾ നൽകിയാണ് എഎപി ജനങ്ങളുടെ വിശ്വാസം കൈയ്യിലെടുത്തത്. എന്നാൽ ഇന്ന് അവയെല്ലാം ചീട്ട് കൊട്ടാരം പോലെ തകർന്നിരിക്കുകയാണ്. ഇതുകൂടാതെ അഴിമതിയിലും സർക്കാർ മുന്നിലാണെന്നാണ് ഇവരുടെ പക്ഷം. സർവേ ഫലം അനുസരിച്ച് എഎപിയുടെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ അമ്പേ പരാജയപ്പെട്ടുവെന്നാണ് 54 ശതമാനം ജനങ്ങളും അഭിപ്രായപ്പെടുന്നത്.
32 ശതമാനം ആളുകൾ മാത്രമാണ് എഎപി സർക്കാരിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ തൃപ്തരായിട്ടുള്ളത്. അതുപോലെ തന്നെ വായൂ മലിനീകരണം തടയാൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ 54 ശതമാനം ആളുകളും അതൃപ്തരാണെന്ന് സർവേ വ്യക്തമാക്കുന്നു.കഴിഞ്ഞ ഏഴ് വർഷക്കാലം അഴിമതി നിവാരണത്തിനായി സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ വിജയകരമായിരുന്നില്ലെന്നാണ് ഡൽഹിയിലെ 45 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നത്.
സർക്കാരിന്റെ അഴിമതി നിവാരണ പ്രവർത്തനങ്ങളിൽ 31 ശതമാനം ആളുകൾക്ക് മാത്രമാണ് വിശ്വാസ്യതയുള്ളതെന്നും സർവേ ഫലം ചൂണ്ടിക്കാട്ടുന്നു. 2021 ഫെബ്രുവരിയിൽ നടത്തിയ സമാനമായ ഒരു സർവേയിൽ 40 ശതമാനം ഡൽഹി നിവാസികളും, ഡൽഹി സർക്കാരിന്റെ കോവിഡ് കൈകാര്യം ചെയ്യുന്നത് ‘നല്ലത്’ ആണെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഈ വർഷം ഈ ശതമാനം 32 ശതമാനമായി കുറഞ്ഞു.
Post Your Comments