തിരുവനന്തപുരം: ബാബുവിന്റെ കേസിൽ മലക്കം മറിഞ്ഞതോടെ വീണ്ടും നാണംകെട്ട് വനം മന്ത്രി എകെ ശശീന്ദ്രന്‍. റിസര്‍വ് വനത്തിനകത്ത് അതിക്രമിച്ചു കയറിയതിനു പാലക്കാട് മലമ്പുഴ സ്വദേശി ആര്‍.ബാബുവിനും കൂട്ടര്‍ക്കുമെതിരെ കേസെടുക്കേണ്ടെന്ന് ആദ്യം പറഞ്ഞ മന്ത്രി എ.കെ.ശശീന്ദ്രന്‍ നിലപാടു മാറ്റിയതു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കര്‍ശന നിലപാടിലാണ്. ആ അമ്മയുടെ കണ്ണീരു കണ്ടാല്‍ എങ്ങനെ ബാബുവിനെതിരെ കേസെടുക്കുമെന്നായിരുന്നു ശശീന്ദ്രന്‍ ചോദ്യം.
എന്നാല്‍ കുറ്റം ചെയ്യുന്ന ആര്‍ക്കെതിരേയും കേസെടുക്കാന്‍ കഴിയില്ലെന്ന ഉപദേശം കിട്ടി. ഇതിനൊപ്പം ബാബു ആര്‍ എസ് എസുകാരനാണെന്ന തരത്തിലെ പ്രചരണങ്ങളോടെ സിപിഎം സൈബര്‍ സഖാക്കളും നിലപാട് കടുപ്പിച്ചു. അഭിമുഖം വന്നതോടെ മന്ത്രിക്കും നിലപാട് മാറ്റേണ്ടി വന്നു. കേസ് എടുക്കില്ലെന്ന മന്ത്രിയുടെ നിലപാടിനെതിരെ കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി പരസ്യമായി രംഗത്തുവന്നിരുന്നു.
ബാബുവിനും കൂട്ടര്‍ക്കുമെതിരെ കേസെടുത്തില്ലെങ്കില്‍ ഭാവിയില്‍ അത്തരം സംഭവങ്ങള്‍ക്കും നിയമപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുമെന്നും മന്ത്രി കുടുങ്ങുമെന്നും വനം ഇന്റലിജന്‍സും മുന്നറിയിപ്പു നല്‍കിയതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം പ്രദേശവാസിയായ മറ്റൊരാള്‍ മലയില്‍ കയറിയതും ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചര്‍ച്ചയായി. അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും സാധ്യതയുണ്ട്.
റിസര്‍വ് വനത്തിനുള്ളില്‍ അതിക്രമിച്ചു കടക്കുകയോ നിരോധിക്കപ്പെട്ട പ്രവൃത്തി ചെയ്താലോ കുറഞ്ഞത് ഒരു വര്‍ഷം മുതല്‍ 5 വര്‍ഷം വരെ തടവും, 1000 മുതല്‍ 5000 രൂപ വരെ പിഴയുമാണ് ശിക്ഷ. വനത്തിനുള്ളില്‍ ഇല പറിച്ചാലും, ചെടി നട്ടാലും, വേരോടെ പിഴുതെടുത്താലും കൃഷി ചെയ്താലും കുടുങ്ങും. വനത്തിന് നാശം ഉണ്ടാക്കിയാല്‍ നഷ്ടപരിഹാരം ഈടാക്കാനും വ്യവസ്ഥയുണ്ട്. നഷ്ടപരിഹാരത്തിനു പുറമേയാണ് തടവും പിഴയും ചുമത്തുക.
Post Your Comments