കൊൽക്കത്ത: വാലന്റൈൻസ് ദിനത്തിൽ പൊതു അവധി പ്രഖ്യാപിച്ച് മമത സർക്കാർ. ലോകമെമ്പാടുമുള്ളവര്‍ വാലന്റൈൻസ് ദിനമായാണ് ഫെബ്രുവരി 14 ആഘോഷിക്കുന്നത്. എന്നാല്‍, ബംഗാളില്‍ പ്രശസ്ത സാമൂഹിക പരിഷ്‌കര്‍ത്താവായ പഞ്ചനന്‍ ബര്‍മയുടെ (1866-1935) ജന്മദിനം കടന്നു വരുന്നത് ഈ ദിവസമാണ്. യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ ജന്മദിനം ഫെബ്രുവരി 13 നാണെങ്കിലും ബംഗാളി കലണ്ടർ പ്രകാരം ഈ ദിവസം ഫെബ്രുവരി 14 നാണ് വന്നുചേരുക.
പഞ്ചനന്‍ ബര്‍മയുടെ ജന്മദിനം ഔദ്യോഗിക അവധിയായി പ്രഖ്യാപിക്കാനുള്ള നീക്കത്തിലൂടെ ഒരു വെടിക്ക് രണ്ട് പക്ഷികളെ കൊല്ലാമെന്ന പ്രതീക്ഷയിലാണ് മമത. ഒരേ സമയം യുവാക്കളെയും വടക്കൻ ബംഗാളിലെ ഗോത്രജനതയെയും കൈയിലെടുക്കുകയാണ് സർക്കാരിന്റെ ഉന്നം. 2020 ഡിസംബറില്‍ തൃണമൂലിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ടിഎംസി ഛാത്ര പരിഷത്ത്, വാലന്റൈന്‍സ് ദിനം അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചിരുന്നു. വിദ്യാര്‍ത്ഥി യൂണിയനുകളുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചാൽ ബിജെപി അതിന്റെ പേരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. മുന്‍കാലങ്ങളില്‍ വലതുപക്ഷ ഗ്രൂപ്പുകള്‍ ഈ വിഷയത്തില്‍ ജാദവ്പൂര്‍ സര്‍വകലാശാലയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതും ആരും മറന്നിട്ടില്ല.
വാലന്റൈൻസ് ദിനത്തിന്റെ പേരിൽ സ്‌കൂളുകൾക്കും കോളേജുകൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും അവധി നൽകിയാൽ പരമ്പരാഗത വിശ്വാസങ്ങൾ വെച്ചുപുലർത്തുന്ന, വിദ്യാസമ്പന്നരായ ഇടത്തരക്കാര്‍ക്കിടയിൽ അതിന് സ്വീകാര്യത ഉണ്ടാകില്ലെന്നും തൃണമൂലിന് ഉത്തമബോധ്യമുണ്ട്. അതിനാൽ നേരിട്ട് വാലന്റൈൻസ് ദിനത്തിന് അവധി പ്രഖ്യാപിക്കുക തൃണമൂലിന്റെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമല്ല.
അതേസമയം, ബര്‍മയുടെ ജന്മദിനത്തിന് അംഗീകാരം നല്‍കുന്നതോടെ രാജ്ബംഗ്ഷി സമുദായത്തിനിടയിലും കൂച്ച് ബെഹാര്‍ ജില്ലയിലെ തദ്ദേശീയ ഗോത്രങ്ങൾക്കിടയിലും അസമിന്റെ ചില ഭാഗങ്ങളിലും ടിഎംസിയുടെ നില മെച്ചപ്പെടുമെന്ന് ഉറപ്പാണ്. പശ്ചിമ ബംഗാളിലെ 100 മില്യണ്‍ ജനസംഖ്യയുടെ ഏകദേശം 10 ശതമാനം ആളുകള്‍ രാജ്ബംഗ്ഷി സംസാരിക്കുന്നവരാണ്. അവര്‍ വടക്കന്‍ ബംഗാളിലെ അഞ്ച് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏഴ് ലോക്സഭാ മണ്ഡലങ്ങളില്‍ ബിജെപിക്ക് മുന്‍തൂക്കം നല്‍കുന്നതില്‍ രാജ്ബംഗ്ഷികള്‍ വലിയ പങ്കാണ് വഹിച്ചത്. അതുകൊണ്ട് തന്നെ അവരെ തിരിച്ചുപിടിക്കേണ്ടത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആവശ്യമാണ്.
Post Your Comments