ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താൻ തന്നെ ആണെന്നും, താൻ മുഖ്യമന്ത്രി ആകുന്നതിൽ പാർട്ടിയിൽ ആര്‍ക്കും എതിര്‍പ്പില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് പ്രഖ്യാപിച്ചു. വോട്ടെടുപ്പിന് തൊട്ടുമുന്‍പ് ഞായറാഴ്ച രാത്രിയിലാണ് ഹരീഷ് റാവത്ത് തന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. അതേസമയം, തിങ്കളാഴ്ച രാവിലെ ഉത്തരാഖണ്ഡില്‍ വോട്ടെടുപ്പ് ആരംഭിച്ചു. പ്രമുഖ വാർത്ത ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിനിടെയാണ് ഹരീഷ് റാവത്ത് നിർണായക പ്രസ്താവന നടത്തിയത്.
Also read: കൊലപാതകം നടന്ന സെല്ലിൽ നിന്നും യുവതി ചുമര് തുരന്ന് ചാടിപ്പോയി: സുരക്ഷാ വീഴ്ച തുടർക്കഥയാകുന്നു
‘ഞാന്‍ അധികാരത്തിന്റെ അല്ല, സമരത്തിന്റെ രാഷ്ട്രീയമാണ് നടത്തുന്നത്. എന്റെ നേതൃത്വത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ് പ്രചാരണമെന്ന് പാർട്ടി പറഞ്ഞു കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള പോരാട്ടത്തിലാണ് ഞങ്ങള്‍. ഞാൻ മുഖ്യമന്ത്രി ആകുന്നതിൽ പാർട്ടിയിലെ ആര്‍ക്കും എതിര്‍പ്പില്ല. ഒരു പാര്‍ട്ടി അംഗവും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 40% ത്തിലധികം ആളുകള്‍ ഇത്തവണ എന്നെയാണ് മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത്’ ഹരീഷ് റാവത്ത് പറഞ്ഞു.
‘പഞ്ചാബില്‍ ഒരു ദളിത് സിഖുകാരൻ മുഖ്യമന്ത്രി ആയിട്ടുണ്ടെങ്കിൽ ഉത്തരാഖണ്ഡിലും ദളിത് മുഖ്യമന്ത്രി ഉണ്ടാകും. പക്ഷെ അത് എപ്പോൾ നടക്കുമെന്ന് പറയാനാകില്ല. ജനങ്ങൾ അത്തരം ആഗ്രഹങ്ങള്‍ പറയുമ്പോൾ പ്രാവർത്തികമാക്കാൻ സമയപരിധി പറയാൻ കഴിയില്ല. ഞങ്ങളുടെ പ്രകടനപത്രികയില്‍ എന്ത് പ്രഖ്യാപിച്ചാലും ഞങ്ങള്‍ അത് നടത്തും. ഉത്തരാഖണ്ഡിനെ മെച്ചപ്പെടുത്തുക എന്നതാണ് എന്റെ ഇതുവരെയുള്ള ട്രാക്ക് റെക്കോര്‍ഡ്’ ഹരീഷ് റാവത്ത് കൂട്ടിച്ചേർത്തു.
Post Your Comments