KeralaLatest NewsNewsIndia

ശബരിമല സമയത്ത് കറുത്ത വസ്ത്രം ധരിച്ച് കുട്ടികൾ സ്‌കൂളിൽ വരുന്നതും ഹിജാബും തമ്മിലെന്ത് ബന്ധം? – രാഹുൽ ഈശ്വർ പറയുന്നു

ഹിജാബ് വിലക്ക് സംഘർഷങ്ങളെ തുടർന്ന് അടച്ച 9,10 ക്ലാസുകൾ കർണാടക ഇന്നു പുനരാരംഭിച്ചു. ഉഡുപ്പി സ്‌കൂളിലെ ഹിജാബ് വിഷയം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കരുതെന്നാണ് ചീഫ് ജസ്റ്റിസ് എം.വി രമണ കഴിഞ്ഞ ദിവസം പറഞ്ഞത്. ഹിജാബ് വിവാദം സംഘർഷങ്ങളിലേക്ക് നീങ്ങിയ സാഹചര്യത്തിൽ ബംഗളൂരുവിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. നിരവധി രാഷ്ട്രീയ – സാംസ്കാരിക – മത നേതാക്കളും വിഷയത്തിൽ പലതരം അഭിപ്രായങ്ങൾ ഉയർത്തി രംഗത്ത് വന്നിരുന്നു. ഹിജാബ് വിഷയത്തിൽ രണ്ട് തട്ടിലായി ആളുകൾ നിലയുറപ്പിച്ചു. ഹിജാബ് നിരോധനത്തിൽ ഭരണഘടന ചട്ടക്കൂടില്‍ നിന്ന് നിയമവ്യവസ്ഥ അംഗീകരിച്ച് പരിഹാരം കാണുമെന്ന് വിദേശ കാര്യ മന്ത്രാലയവും വ്യക്തമാക്കി.

ഇന്ത്യയിലെ ഹിജാബ് വിഷയം ഊതിപ്പെരുപ്പിക്കാൻ പാകിസ്ഥാനും ശ്രമിച്ചു. പാകിസ്ഥാന് പിന്നാലെയും താലിബാനും അമേരിക്കയും വിഷയത്തില്‍ ഇടപെട്ടു. ഇന്ത്യയില്‍ മതസ്വാതന്ത്യം ഇല്ലാതാകുന്നുവെന്നും മുസ്ലീം സ്ത്രീകളും പെണ്‍കുട്ടികളും പാര്‍ശ്വവത്ക്കരിക്കപ്പെടുകയാണെന്നുമായിരുന്നു ഇരുകൂട്ടരും പറഞ്ഞത്. അതേസമയം, ഹിജാബ് വിഷയം അന്താരാഷ്‌ട്ര തലത്തിൽ ചർച്ചയായതോടെ ഇവർക്ക് കൃത്യമായ മറുപടി ഇന്ത്യ നൽകിയിരുന്നു. ഇതിൽ ഏറ്റവും ചർച്ചയായതും ശ്രദ്ധേയമായതും കേരളം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണമായിരുന്നു. ഹിജാബ് വിവാദം ഉണ്ടാക്കുന്നതിൽ ഗൂഡാലോചനയും അത് സ്ത്രീകൾക്ക് ദോഷം ചെയ്യുന്നതെങ്ങനെയാണെന്നും അദ്ദേഹം വിശദീകരിച്ചു.

Also Read:ഇന്നലെ ചെറാട് മലയിൽ കയറിയ ആനക്കല്ല് സ്വദേശിക്കെതിരെയും കേസ് എടുക്കില്ല, ഇനി ആർക്കും ഇളവ് ഇല്ല: വനം വകുപ്പ്

ഹിജാബ് വിവാദത്തിന് പിന്നില്‍ മുസ്‌ലിം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഢാലോചന ആണെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയെ വിമർശിക്കാനും ‘ഹിജാബ് പ്രതിഷേധക്കാർ’ മറന്നില്ല. ‘ഇസ്ലാം മതവിശ്വാസപ്രകാരം ഹിജാബ് ഒഴിവാക്കാനാവാത്ത ആചാരമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കപ്പെടണം. അത് വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കലല്ല. സിഖുകാരുടെ തലപ്പാവുമായി ഹിജാബ് താരതമ്യം ചെയ്യുന്നത് ശരിയല്ല. ഇസ്ലാമിന്റെ ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നു. പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നു, ദൈവം അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ല എന്ന് ആദ്യ തലമുറയിലെ സ്ത്രീകള്‍ വാദിച്ചിരുന്നു’, ഗവർണർ വ്യക്തമാക്കി.

ഹിജാബ് ധരിക്കരുത് എന്നത് ഭരണഘടനാ ലംഘനമാണെന്നാണ് മുസ്ലിം ലീഗ് ഉന്നയിക്കുന്നത്. ഇത് മൗലീകാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് എന്നും പ്രതിഷേധക്കാർ ഉയർത്തുന്നു. ഹിജാബ് വിവാദത്തിൽ സാമൂഹ്യ നിരീക്ഷകൻ രാഹുൽ ഈശ്വറിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാകുന്നു. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവരിൽ ആയിരുന്നു രാഹുൽ ഈശ്വറിന്റെ പ്രതികരണം. ഹിജാബ് വിഷയത്തിൽ ശബരിമല സീസൺ സമയത്ത് കറുത്ത വസ്ത്രം ധരിച്ച് കുട്ടികൾ സ്‌കൂളിൽ വരാറുണ്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് ‘അത്തരമൊരു സാഹചര്യം എത്ര സ്‌കൂളുകളിൽ അംഗീകരിക്കുമെന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ല’ എന്നായിരുന്നു രാഹുൽ ഈശ്വറിന്റെ മറുപടി.

Also Read:പിഎസ്എൽവി സി 52 വിക്ഷേപണം വിജയകരം: അടുത്ത ദൗത്യവുമായി ഉടൻ കാണാമെന്ന് ഐഎസ്ആർഒ ചെയർമാൻ

പലരും ഇതിനെ ഹിന്ദു-മുസ്ലിം വിഷയമാക്കി ചർച്ചകൾ ചെയ്യുന്നുവെന്നും അതിനെ അങ്ങനെ പ്രചരിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയ രാഹുൽ ഈശ്വർ, ഹിജാബ് വിഷയം ശരിക്കും ‘വ്യക്തികളുടെ അവകാശങ്ങളും സ്ഥാപനങ്ങളുടെ അവകാശങ്ങളും’ തമ്മിലുള്ള വിഷയമാണ് എന്ന് ഓർമിപ്പിക്കുന്നു. ഓരോ സ്ഥലത്തും അതിന്റേതായ ഡ്രസ് കോഡ് ഉണ്ട്. ആ ഡ്രസ് കോഡിനെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു മാനസികാവസ്ഥയിലേക്കല്ലേ നമ്മൾ പോകേണ്ടതെന്ന് അദ്ദേഹം ചോദിക്കുന്നു.

‘ഞങ്ങളുടെ നേതൃത്വത്തിൽ അല്ല ഉഡുപ്പിയിൽ സമരവും പ്രതിഷേധവും നടക്കുന്നത്. ജനങ്ങൾ ആണ് പ്രതിഷേധം നടത്തുന്നത്. ഉഡുപ്പിയിലെ പെൺകുട്ടികൾ ആവശ്യപ്പെടുന്നത് ഹിജാബ് ധരിക്കാനുള്ള അവകാശമാണ്, പർദ്ദ ധരിക്കണമെന്ന ആവശ്യമല്ല. പർദ്ദയാണെന്നതും കറുത്ത വസ്ത്രം ഇട്ട് ശരീരം മുഴുവൻ മൂടി നടക്കാനുമല്ല പെൺകുട്ടികൾ ആവശ്യപ്പെടുന്നത്. പർദ്ദ യൂണിഫോം ആക്കണം എന്ന ആവശ്യം ഇവിടെയുള്ള കുട്ടികൾക്കില്ല. അവർ ആവശ്യപ്പെടുന്നത് ഹിജാബ് മാത്രമാണ്’, ചർച്ചയിൽ പങ്കെടുത്ത കർണാടകയിലെ ക്യാംപസ് ഫ്രണ്ടിന്റെ ജനറൽ സെക്രട്ടറി അനീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button