കൊച്ചി: നിർമ്മാണം പൂർത്തിയാക്കി നാല് മാസം പിന്നിടുമ്പോഴും മുഖ്യമന്ത്രിയെ ഉദ്‌ഘാടകനായി ലഭിക്കാത്തതിനാൽ അടച്ചിട്ട പാർക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതീകാത്മകമായി പൊതുജനത്തിന് തുറന്നുകൊടുത്തു. കൊച്ചി മെട്രോ കമ്പനി നിർമ്മാണം പൂർത്തിയാക്കിയ കൊച്ചി കോർപ്പറേഷന്‍റെ കുന്നറ പാർക്ക് ആണ് ഡിസിസി പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ തുറന്നത്.
വൈറ്റിലയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് പോകുന്ന വഴി, തൈക്കൂടം മെട്രോ സ്റ്റേഷനോട് ചേർന്നാണ് കുന്നറ പാർക്ക് സ്ഥിതി ചെയ്യുന്നത്. ഒരു ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന പാർക്കിന്‍റെ മൂന്നിൽ ഒരു ഭാഗം മെട്രോ സ്റ്റേഷൻ നിർമ്മാണത്തിനായി കമ്പനി ഏറ്റെടുത്തിരുന്നു. കോർപ്പറേഷന് കീഴിലുള്ള പാർക്കിന്‍റെ ഭൂമി വിട്ടുനൽകുന്നതിന് പകരം ബാക്കി വരുന്ന 60 സെന്‍റിൽ പാർക്ക് നവീകരിക്കാമെന്ന് കൊച്ചി മെട്രോ കമ്പനി ഉറപ്പ് നൽകുകയായിരുന്നു.
ഇതനുസരിച്ച് 2.5 കോടിയിലേറെ രൂപ ചെലവഴിച്ച് കെഎംആർഎൽ പാർക്ക് നവീകരിച്ചു. നിർമ്മാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും കമ്പനി പാർക്ക് തുറന്നില്ല. ഇതോടെയാണ് കോൺഗ്രസ് പ്രവർത്തകർ പ്രതീകാത്മകമായി പാർക്കിന്റെ ഉദ്ഘാടനം നടത്തിയത്. കോൺഗ്രസിന്റെ പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് പാർക്കിന് സുരക്ഷ ഒരുക്കിയിരുന്നു. അഞ്ച് ദിവസങ്ങൾക്കകം പാർക്ക് ഉദ്ഘാടനം ചെയ്ത് പൊതുജനത്തിന് തുറന്ന് കൊടുത്തില്ലെങ്കിൽ പൂട്ട് തകർത്ത് ആൾക്കാരെ പ്രവേശിപ്പിക്കുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.
Post Your Comments