കണ്ണൂർ: കണ്ണൂരിലെ തോട്ടടയിൽ വിവാഹ സംഘത്തിനെതിരെയുണ്ടായ ബോംബേറില്‍ കൊല്ലപ്പെട്ട ഏച്ചൂർ സ്വദേശി ജിഷ്ണുവിൻ്റെ ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയായി. നിർമ്മാണ തൊഴിലാളിയായ ജിഷ്ണുവിൻ്റെ തലയ്ക്കാണ് ബോംബ് വീണത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ സമീപത്തെ വീടുകളിലേക്ക് വരെ തെറിച്ചതായി നാട്ടുകാർ പറയുന്നു. അക്രമി സംഘം സംഭവത്തിന് പിന്നാലെ വാനിൽ കയറി രക്ഷപെടുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ നിന്നും 18 അംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയതായും പോലീസ് പറഞ്ഞു.
അതേസമയം, സംഭവ സ്ഥലത്ത് സിപിഎം – കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘര്ഷവുമുണ്ടായി. പൊലീസ് സ്ഥലത്തുണ്ടായിരിക്കെയാണ് ഇരുവിഭാഗവും തമ്മിൽ കൈയാങ്കളി ഉണ്ടായത്. പൊലീസ് എത്താൻ വൈകിയെന്ന് കോൺഗ്രസുകാർ ആരോപിച്ചതാണ് പാർട്ടി പ്രവർത്തകർ തമ്മിലുള്ള തർക്കത്തിന് കാരണം. ഇരു കൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കോൺഗ്രസ് അനാവശ്യമായി പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് സിപിഎം പ്രവർത്തകർ ഇതിനെതിരെ രംഗത്ത് വന്നത്. തുടർന്ന് ഇരുഭാഗത്തുമായി പ്രവർത്തകർ ഉന്തും തള്ളുമുണ്ടായി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കി.
ബോംബേറിൽ യുവാവ് മരിച്ച സംഭവത്തിൽ ബോംബ് എറിഞ്ഞ ആളെ തിരിച്ചറിഞ്ഞതായാണ് സൂചന. ഏച്ചൂർ സ്വദേശി മിഥുനാണ് ബോംബ് എറിഞ്ഞതെന്നാണ് വിവരം. ഇയാൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സംഭവസമയത്ത് മൊബൈലിലും മറ്റുമായി ചിത്രീകരിച്ച ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെന്നു സംശയിക്കുന്നയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഏച്ചൂർ സ്വദേശികളായ അക്ഷയ്, റിജുൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഏച്ചൂർ പാതിരപ്പറമ്പിൽ പരേതനായ മോഹനന്റെ മകൻ ജിഷ്ണു(26) ആണ് മരിച്ചത്.
ആറോളം പേർക്ക് ബോംബേറിൽ പരിക്കേറ്റിരുന്നു. വിവാഹപാർട്ടി വരന്റെ വീട്ടിലേക്ക് കയറിയ ഉടനെയാണ് 100 മീറ്റർ പിന്നിലായി ആക്രമണം ഉണ്ടായത്. ബോബെറിഞ്ഞത് ഏച്ചൂരിൽ നിന്നുള്ള ജിഷ്ണുവിന്റെ സംഘാംഗം തന്നെയാണെന്നാണ് വിവരം. ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയില്ല. രണ്ടാമത് എറിഞ്ഞ ബോംബ് ജിഷ്ണുവിന്റെ തലയിൽ വീണ് തൽക്ഷണം മരിക്കുകയായിരുന്നു. നാട്ടുകാർ പറയുന്നത്, ‘ഇന്നലെ രാവിലെ ഇവര്‍ ഒരു ഗ്യാങ്ങായി ഒരേ ഡ്രസില്‍ കല്ല്യാണവീട്ടില്‍ വന്നിരുന്നു. അത് ഞങ്ങളെല്ലാം കണ്ടതാണ്. വിവാഹചടങ്ങിന് പോയി തിരിച്ചുവരുമ്പോളും അവരുണ്ടായിരുന്നു. ഞാന്‍ ചെറുക്കന്റെ അച്ഛന്റെ കൂടെ നേരത്തെ പോന്നു.’
‘പിന്നീട് ചൊവ്വയ്ക്ക് പോയി ഇവിടേക്ക് വരുമ്പോഴാണ് ഒരേ പോലെ വസ്ത്രം ധരിച്ച ചെറുപ്പക്കാര്‍ ഓടുന്നത് കണ്ടത്. ഓടടാ ഓടടാ എന്നുപറഞ്ഞ് ഒച്ചവെച്ചുകൊണ്ടാണ് അവര്‍ ഓടിയിരുന്നത്. റോഡില്‍ ഒരു വണ്ടിയുണ്ടായിരുന്നു. എടുക്കെടാ വണ്ടി എന്ന് പറഞ്ഞ് ഇവരെല്ലാം ആ വണ്ടിയില്‍ കയറി. ഒരു വെളുത്ത നിറത്തിലുള്ള ട്രാവലര്‍ ആയിരുന്നു. 18-ഓളം പേരുണ്ടായിരുന്നു അവര്‍. പെട്ടെന്ന് തന്നെ അവര്‍ വണ്ടി എങ്ങനെയൊക്കെയോ തിരിച്ച് വേഗം രക്ഷപ്പെട്ടു.’
‘അത് കഴിഞ്ഞ് ഞാന്‍ റോഡിലെത്തിയപ്പോള്‍ രണ്ടാളുകള്‍ കാറിലിരുന്ന് കരയുന്നതും ഒരാളെ അതില്‍ കൊണ്ടുപോകുന്നതുമാണ് കണ്ടത്. എന്താ സംഭവമെന്ന് ചോദിച്ചപ്പോള്‍ ബോംബേറാണെന്ന് പറഞ്ഞു. അപ്പോള്‍ കാര്‍ വേഗം വിട്ടു. ആസമയം വന്ന ബൈക്കില്‍ കയറി കല്ല്യാണവീടിന് സമീപത്തേക്ക് വന്നു. അപ്പോഴാണ് തലയില്ലാത്ത നിലയില്‍ റോഡില്‍ മൃതദേഹം കാണുന്നത്. ഭീകരമായിരുന്നു ആ കാഴ്ച. എല്ലാവരും അപ്പുറത്തും ഇപ്പുറത്തും നോക്കിനില്‍ക്കുന്നു എന്നല്ലാതെ ആരും ഇടപെടുന്നില്ല. ഞാന്‍ ഉടനെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് കാര്യം പറഞ്ഞു.
ഉച്ചയ്ക്ക് 2.20-ഓടെയായിരുന്നു ഈ സംഭവമെല്ലാം. നീല പോലുള്ള ഷര്‍ട്ടും മുണ്ടും ആയിരുന്നു എല്ലാവരും ധരിച്ചിരുന്നത്. ആ കാഴ്ച ഭീകരമായിരുന്നു. തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹം. തലയുടെ ഭാഗമൊക്കെ ദൂരേക്ക് തെറിച്ചിരുന്നു. പിന്നെ ഞാന്‍ അങ്ങോട്ടേക്ക് നോക്കിയിട്ടില്ല’ നാട്ടുകാരാണ് പറഞ്ഞു.
Post Your Comments