
ന്യൂഡൽഹി : പിഎസ്എൽവി സി-52 ന്റെ വിക്ഷേപണം വിജയകരം. ഇരു ഉപഗ്രഹങ്ങളും ഭ്രമണ പഥത്തിൽ എത്തി. രാവിലെ 5.59 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നുമായിരുന്നു പിഎസ്എൽവി സി-52 ന്റെ വിക്ഷേപണം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS-04 ഉം രണ്ട് ചെറിയ ഉപഗ്രഹങ്ങളും PSLV-C52 റോക്കറ്റ് വിജയകരമായി ആവശ്യമുള്ള ഭ്രമണപഥത്തിൽ എത്തിച്ചു.2022 ലെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യമാണ്.
പിഎസ്എൽവി സി-52. ചെയർമാനായി മലയാളിയായ ഡോ. എസ് സോമനാഥ് ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ദൗത്യമെന്ന പ്രത്യേകതയും പിഎസ്എൽവി സി-52 ന്റെ വിക്ഷേപണത്തിനുണ്ട്. ഈ വർഷത്തെ ആദ്യ ദൗത്യം തന്നെ വിജയകരമായ സാഹചര്യത്തിൽ ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് അടുത്ത വിക്ഷേപണം ഉടൻ നടത്താനാണ് ഐഎസ്ആർഒയുടെ തീരുമാനം.റഡാർ ഇമേജിംഗ് ഉപഗ്രഹമായ ഇഒഎസ്04 ന് ഏത് കാലാവസ്ഥയിലും ഭൂപ്രദേശങ്ങളുടെ വ്യക്തമായ ചിത്രങ്ങൾ പകർത്താൻ സാധിക്കും.
ഇതോടെ പ്രളയ മുന്നറിയിപ്പുകൾ ഉൾപ്പെടെ വേഗത്തിൽ ലഭിക്കും. 1710 കിലോയാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം.തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ വിദ്യാർത്ഥികളും കൊളറാഡോ സർവ്വകലാശാലയിലെ ലബറോട്ടറി ഫോർ അറ്റമോസ്ഫിക് ആൻഡ് സ്‌പേസ് ഫിസിക്‌സും ചേർന്ന് വികസിപ്പിച്ച ഉപഗ്രഹമാണ് ഇൻസ്പയർ സാറ്റ് 1.
Post Your Comments