കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ഹൈക്കോടതി വിജിലന്‍സ് വിഭാഗം. വിജിലന്‍സ് രജിസ്ട്രാറുടെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി ജോസഫ് സാജുവിനാണ് അന്വേഷണ ചുമതല നല്‍കിയത്. ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരം രണ്ട് ദിവസം മുമ്പാണ് അന്വേഷണത്തിനുള്ള ഉത്തരവ് വിജിലന്‍സ് രജിസ്ട്രാര്‍ ഇറക്കിയത്.
എറണാകുളം ജില്ലാ കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നെന്നാണ് ആരോപണം ഉയര്‍ന്നത്. കോടതിയുടെ പരിധിയില്‍ ഇരിക്കേ ദൃശ്യം ചോര്‍ന്നു എന്നുള്ളതാണ് ഗുരുതര ആരോപണം. ഈ വിഷയത്തിലാണ് കോടതി അടിയന്തരമായി അന്വേഷണത്തിന് ഉത്തരവിട്ടത്. ദൃശ്യങ്ങള്‍ വിദേശത്തുള്ള പലരുടെയും പക്കലുണ്ടെന്നും നടി ആരോപണം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടി പ്രധാനമന്ത്രി, മുഖ്യമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് കത്ത് നല്‍കിയിരുന്നു.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചന കേസില്‍, എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ആരോപണങ്ങള്‍ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്.ഐ.ആര്‍ നിലനില്‍ക്കില്ലെന്നും പ്രതികള്‍ ഹര്‍ജിയില്‍ പറയുന്നു. കേസ് റദ്ദാക്കിയില്ലെങ്കില്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെടുന്നു.
Post Your Comments