Latest NewsNewsIndia

പാർട്ടിക്കുള്ളിൽ പോര്: അനന്തരവന്‍ അഭിഷേക് ഉള്‍പ്പെട്ട ദേശീയ സമിതി പിരിച്ചുവിട്ട് മമത

പാര്‍ട്ടി ദേശീയ സെക്രട്ടറിയും യുവതലമുറയിലെ പ്രവര്‍ത്തകര്‍ക്കിടയിലെ ശ്രദ്ധാകേന്ദ്രവുമായ അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരു കൂട്ടം യുവ നേതാക്കള്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.

കൊൽക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര പോര് രൂക്ഷമാകുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും യുവ നേതാക്കളും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് പാര്‍ട്ടിക്കുള്ളിലെ കലഹത്തിന് വഴിവെച്ചിരിക്കുന്നത്. അനന്തരവന്‍ കൂടിയായ അഭിഷേക് ബാനര്‍ജി ഉള്‍പ്പെട്ട ദേശീയ സമിതി പാര്‍ട്ടി ചെയര്‍പേഴ്സണും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പിരിച്ചുവിട്ടതാണ് പുതിയ കലഹത്തിന്‍റെ കാരണമായി പറയുന്നത്. തൃണമൂല്‍ സ്ഥാപക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ 20 അംഗ പ്രവര്‍ത്തക സമിതിക്കും മമത രൂപം നല്‍കി. പുതിയ ദേശീയ സമിതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. പാര്‍ട്ടിയിലെ തന്‍റെ അധികാരസ്ഥാനം ഉറപ്പിക്കുന്നതിനായി മമത നടത്തിയ നീക്കമാണ് പുതിയ നടപടിക്ക് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

പാര്‍ട്ടി ദേശീയ സെക്രട്ടറിയും യുവതലമുറയിലെ പ്രവര്‍ത്തകര്‍ക്കിടയിലെ ശ്രദ്ധാകേന്ദ്രവുമായ അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരു കൂട്ടം യുവ നേതാക്കള്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. എങ്കിലും നിശബ്ദമായാണ് ഇവര്‍ ഇതുവരെ പ്രതിഷേധം അറിയിച്ചിരുന്നത്. ഒരാള്‍ക്ക് ഒരുപദവി എന്ന പാര്‍ട്ടി നയം മമത ചില ആളുകള്‍ക്കായി മാത്രം പരിമിതപ്പെടുത്തി എന്ന വിമര്‍ശനം അഭിഷേക് ബാനര്‍ജി അടക്കമുള്ളവര്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമാക്കിയിരുന്നു. ഇതിന് മറുപടിയായാണ് ദേശീയ സമിതി പിരിച്ചുവിട്ടതെന്നും സൂചനയുണ്ട്.

മമത രൂപംകൊടുത്ത പുതിയ പ്രവർത്തക സമിതിയിൽ മുതിർന്ന നേതാക്കളായ അമിത് മിത്ര, പാർത്ഥ ചാറ്റർജി, സുബ്രത ഭക്ഷി, അനുബ്രത മൊണ്ഡൽ, ഫിർഹാദ് ഹക്കീം തുടങ്ങിയവർക്കൊപ്പം അഭിഷേക് ബാനർജിയും അംഗമാണെന്നതും ശ്രദ്ധേയമാണ്. രാജ്യസഭ നേതാവ് ഡെറക് ഒബ്രിയൻ, മുതിർന്ന എംപി സുഗത റോയി എന്നിവരെ ഈ സമിതിയിൽ ഉള്‍പ്പെടുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button