അബ്യാൻ: അറബ് രാജ്യമായ യമന്റെ തെക്കൻ പ്രവിശ്യയായ അബ്യാനിൽ ഐക്യരാഷ്ട്ര സംഘടനയുടെ ഉദ്യോഗസ്ഥരെ അജ്ഞാത ഭീകരർ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്.
ശനിയാഴ്ചയാണ് സംഭവം നടന്നത്. ഒരു ഫീൽഡ് മിഷൻ പൂർത്തിയാക്കിയതിനു ശേഷം ഏദൻ നഗരത്തിലെ താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു യുഎൻ ഉദ്യോഗസ്ഥർ. മാർഗമധ്യേ, വാഹനം ഭീകരർ തടഞ്ഞു നിർത്തി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
വാർത്ത സത്യമാണെന്ന് യമനിലെ സീനിയർ കമ്മ്യൂണിക്കേഷൻസ് വിഭാഗത്തിലെ റസിഡന്റ് ആൻഡ് ഹ്യുമാനിറ്റേറിയൻ കോഡിനേറ്റർ റസ്സൽ ഗീക്കി സ്ഥിരീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ മോചിപ്പിക്കാൻ വേണ്ടി ഐക്യരാഷ്ട്ര സംഘടന യമൻ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, മുദിയ ജില്ലയിൽ ഒരു യുഎൻ വാഹനം യമൻ കേന്ദ്രീകരിച്ചുള്ള അൽക്വയിദ തീവ്രവാദികൾ തടഞ്ഞു നിർത്തിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തോക്കുധാരികൾ നിരവധി പേരെ ഒരു ഏതു സ്ഥലത്തേക്ക് മാറ്റിയതായും ഈ റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇതുവരെ ആരും തട്ടിക്കൊണ്ടു പോകലിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല.
Post Your Comments