Latest NewsKeralaNewsIndia

ആ മലമുകളിൽ ദൈവമുണ്ട്, ദൈവത്തെ കണ്ട് താഴേക്കിറങ്ങി: ബാബു

പാലക്കാട്: മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച കഥ മലയാളികൾക്ക് അറിയാവുന്നതാണ്. രക്ഷിക്കാൻ സൈന്യം അടക്കമുള്ളവർ എടുത്ത പ്രയത്നവും നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ, മല കയറാനുള്ള കാരണം പറയുകയാണ് ബാബു. കാൽ വഴുതി വീണ ശേഷം ചൂട് കാരണമാണ് താൻ കുറച്ച് കൂടി താഴേക്ക് ഇറങ്ങിയതെന്ന് ബാബു പറയുന്നു. പൊത്തിലിരുന്നപ്പോഴും ചൂട് ഭയങ്കരമായിരുന്നുവെന്ന് ബാബു റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

‘സാധാരണ പോകുന്ന പോലെ പോയതാണ്. രാവിലെ പത്രം ഇട്ടശേഷം കൂട്ടുകാരേം കൂട്ടി മല കയറി. ഫോറസ്റ്റിന്റെ ലൈൻ മറികടന്നാണ് പോയത്. പക്ഷെ, പ്രശ്നങ്ങൾ ഉണ്ടാകുമെന്നത് അറിയില്ലായിരുന്നു. ആനയുടെ ശബ്ദം ഒക്കെ കേട്ടിരുന്നു, ആന വരുമെന്ന് കരുതി പേടിച്ച് പാതി വഴിയിൽ തിരിച്ചിറങ്ങണം എന്നൊക്കെ കരുതിയിരുന്നു. കുട്ടികളെ ഞാൻ വിളിച്ചോണ്ട് പോയതായിരുന്നു. അവർക്ക് മടുത്തപ്പോൾ അവരെ താഴേക്ക് പറഞ്ഞുവിട്ടു. രണ്ട് കുപ്പി വെള്ളം കൈയ്യിലുണ്ടായിരുന്നു. മലമുകളിൽ എത്തുന്നതിന് മുൻപ് തന്നെ അത് തീർന്നിരുന്നു. ഞാൻ മുകളിൽ കയറി ദൈവത്തിനെ കണ്ട് കഴിഞ്ഞപ്പോഴേക്കും അവരെ ഇറക്കി വിട്ടിരുന്നു. മുകളിൽ ചെറിയൊരു ദൈവമൊക്കെയുണ്ട്’, ബാബു പറയുന്നു.

Also Read:മുടി കഴുകാൻ ഒരിക്കലും ചൂടുവെള്ളം ഉപയോഗിക്കരുത്

അതേസമയം, ഏകദേശം 50 ലക്ഷത്തോളം രൂപ ചെലവിട്ടുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ഉദ്യോഗസ്ഥരുടേയും മറ്റും സേവനമൂല്യം ഉൾപ്പെടുത്താതെയുള്ള തുകയാണ് ഇതെന്ന് അതോറിറ്റി അറിയിച്ചു. ഒരോ ഇനത്തിന്റേയും പ്രത്യേകം കണക്ക് കൃത്യമായി തയ്യാറാക്കി വരുന്നതെയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി. ബാബു കുടുങ്ങിയപ്പോൾ, എൻഡിആർഎഫിന്റെ ശ്രമത്തിന് ശേഷമാണ് തീരസംരക്ഷണ സേനയുടെ ചേതക് ഹെലികോപ്ടർ മലമ്പുഴയിൽ എത്തുന്നത്. ഈ ഹെലികോപ്ടറിന് മണിക്കൂറിന് രണ്ട് ലക്ഷം രൂപയാണ് ചെലവ്. വ്യോമസേനയുടെ മി ഹെലികോപ്ടറിന് മണിക്കൂറിന് മൂന്ന് ലക്ഷം രൂപയാണ് ചെലവായി വരുന്നത്. കരസേനയുടെ പ്രത്യേക സംഘത്തിന് 15 ലക്ഷം രൂപയാണ് കണക്കാക്കുന്നതെന്നും അധികൃതർ അറിയിച്ചു. എൻഡിആർഎഫ്, മറ്റ് സംവിധാനങ്ങൾ ഗതാഗതം തുടങ്ങിയവയ്‌ക്ക് ഏകദേശം 30 ലക്ഷം രൂപ ചെലവ് വന്നുവെന്ന കണക്കുകളാണ് ലഭിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button