വാഷിങ്ടൺ: ഡൗൺ സിൻഡ്രോം അസുഖമുള്ള കുട്ടിയെ നേരിട്ട് സ്കൂളിൽ കൊണ്ടാക്കി റിപ്പബ്ലിക് ഓഫ് നോർത്ത് മാസിഡോണിയ പ്രസിഡന്റ് സ്റ്റെവോ പെൻഡറോവ്സ്കി. ഡൗൺ സിൻഡ്രോമുള്ള വ്യക്തികൾക്ക് പലപ്പോഴും മറ്റുള്ളവരിൽ നിന്ന് പരിഹാസവും ഉപദ്രവവും ഭീഷണിയും നേരിടേണ്ടി വരുന്നുണ്ട്. ഈ പെരുമാറ്റം വെച്ചുപൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പു നൽകാൻ കൂടി വേണ്ടിയാണ് പ്രസിഡണ്ട് 11 വയസ്സുള്ള കുട്ടിയെ സ്‌കൂളിൽ നേരിട്ട് കൊണ്ടുചെന്നാക്കിയത്.
പെൺകുട്ടിയെ കണ്ടുമുട്ടിയ വീഡിയോ അദ്ദേഹം പങ്കുവെച്ചിരുന്നു. ഒരു രാജ്യമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഇത് നമ്മുടെ കടമയാണെന്നും, ഈ പൊതു ദൗത്യത്തിലെ പ്രധാന ഘടകം സഹാനുഭൂതിയാണെന്നും വീഡിയോയ്ക്ക് താഴെ പ്രസിഡന്റ് കുറിച്ചിട്ടുണ്ട്. എംബ്ലയെപ്പോലുള്ള കുട്ടികളെ ഇത് സഹായിക്കുമെന്നും എന്നാൽ, അവളെപ്പോലുള്ള കുഞ്ഞുങ്ങളോട് ആത്മാർത്ഥമായി ഇടപെടണമെന്നും ഐക്യദാർഢ്യപ്പെടണമെന്നും പ്രസിഡന്റ് പറഞ്ഞു.
ഗോസ്തിവാറിൽ താമസിക്കുന്ന 11 വയസ്സുകാരി എംബ്ല അഡെമി അവളുടെ സ്കൂളിൽ വിവേചനം നേരിടുന്നുണ്ടെന്ന് പ്രസിഡന്റ് അറിഞ്ഞിരുന്നു. പിന്തുണ നൽകുന്നതിനായി അദ്ദേഹം കുട്ടിയുടെ വീട് സന്ദർശിക്കുകയും കുട്ടിയ്ക്കൊപ്പം നേരിട്ട് സ്കൂളിലേക്ക് പോവുകയും ചെയ്തു. കുഞ്ഞിനെ ചിലർ ഉപദ്രവിച്ചുവെന്ന് അറിഞ്ഞതിനെ തുടർന്നാണ് പ്രസിഡണ്ട് അവളെ ക്ലാസിലേക്ക് കൊണ്ടുപോയി വിട്ടത്. നിരവധി പേരാണ് നേതാവിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്.
Post Your Comments