കർണാടകയിൽ വിവാദമായിക്കൊണ്ടിരിക്കുന്ന ഹിജാബ് വിഷയത്തിൽ പ്രതികരിച്ച് നടി സുമലത. ബിക്കിനി സ്വിമ്മിംഗ് പൂളിലാകാം, സ്കൂളിലേക്ക് പറ്റില്ല എന്നാണു സുമലത വിഷയത്തിൽ തുറന്നടിച്ചത്. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തിയ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു സമതല. ‘ബിക്കിനിയോ, ഹിജാബോ, ജീന്‍സോ… എന്തും സ്ത്രീകള്‍ക്ക് ധരിക്കാമെന്നും എന്ത് ധരിക്കണമെന്ന് സ്ത്രീകൾ ആണ് തീരുമാനിക്കുന്നത്’ എന്നുമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന.
കർണാടകയിൽ കത്തിപ്പടരുന്ന ഈ ഹിജാബ് വിവാദം അനാവശ്യമാണെന്നും ഓരോ സ്കൂളിലെയും ഡ്രസ് കോഡ് വിദ്യാര്‍ത്ഥികള്‍ അനുസരിക്കണമെന്നും സുമലത അംബരീഷ് അഭിപ്രായപ്പെട്ടു. അനുഭവങ്ങള്‍ വളരെ പെട്ടെന്ന് പതിയുന്ന മനസ്സുകളുള്ള വിദ്യാര്‍ത്ഥികളുടെ മേല്‍ വിഷം പുരട്ടുന്നതിന് വേണ്ടി രാഷ്ട്രീയം കളിക്കുകയാണ് എന്നും എല്ലാ സ്‌കൂളുകളിലും ഉള്ള ഡ്രസ് കോഡ് അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ പാലിക്കേണ്ടതാണ് എന്നും അവർ പറഞ്ഞു. പ്രസ്തുത കോളെജിലും സ്‌കൂളിലും വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചില മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നു എന്നിരിക്കെ ഇപ്പോള്‍ പുതിയൊരു വിവാദം ഉണ്ടായതെങ്ങനെയാണ് എന്ന് ചോദിച്ച നടി വിദ്യാര്‍ത്ഥികളുടെ ഭാവിയെ വെച്ച് കളിക്കുന്നത് ആരാണെന്ന ആശങ്കയും ഉന്നയിച്ചു.
അതേസമയം, കര്‍ണ്ണാടകയിലെ ഹിജാബ് വിവാദം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ഇന്നലെ വ്യക്മാക്കി. ഹര്‍ജികളില്‍ കര്‍ണ്ണാടക ഹൈക്കോടതി എന്ത് നിലപാട് സ്വീകരിക്കുന്നുവെന്ന് നോക്കട്ടേയെന്ന് വ്യക്തമാക്കിയ കോടതി ഇടക്കാല ഉത്തരവിനെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ തയ്യാറായില്ല. ഹിജാബ് വിവാദത്തില്‍ അന്തിമ ഉത്തരവ് വരും വരെ മതാചാര പ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തരുതെന്ന കര്‍ണ്ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. എന്താണ് നടക്കുന്നതെന്ന് നിരീക്ഷിക്കുകയാണെന്ന് ഹര്‍ജി പരിഗണിച്ച ബെഞ്ച് വിശദമാക്കി.
ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക ഹൈക്കോടതിയിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട ഹര്‍ജി കഴിഞ്ഞ ദിവസം പരിഗണിച്ചപ്പോഴും കോടതി സമാനമായ നിലപാടാണെടുത്തത്. വിഷയം ശബരിമല വിധി പരിഗണിക്കുന്ന ഒന്‍പതംഗ ബെഞ്ചിലേക്ക് മാറ്റണമെന്ന് ഹര്‍ജിക്കാരന്‍റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസും ഹിജാബ് വിവാദത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.
Post Your Comments