ഋഷി ദാസ് എഴുതുന്നു…
1939-45 കാലഘട്ടത്തിൽ നടന്ന രണ്ടാം ലോക മഹായുദ്ധത്തിൽ ഏറ്റവും ആൾനാശം സംഭവിച്ചത് സോവിയറ്റ് യൂണിയനായിരുന്നു. ഏതാണ്ട് ഒന്നരക്കോടി റഷ്യൻ ജനതയാണ് രണ്ടാം ലോക മഹായുദ്ധത്തിൽ മരിച്ചത്. പക്ഷേ, സോവിയറ്റ് യൂണിയൻ ഒന്നടങ്കം ഹിറ്റ്ലറുടെ ജർമ്മനിയെ എതിരിട്ടില്ല. യുദ്ധം ആരംഭിച്ചപ്പോൾ തന്നെ, ഘടക റിപ്പബ്ലിക്കായ ഉക്രൈൻ പ്രായോഗികമായി ജർമ്മൻ പക്ഷത്ത് ചേർന്നു. യുദ്ധത്തിൽ ജർമ്മൻ പക്ഷത്ത് ചേർന്ന് ലക്ഷക്കണക്കിന് ഉക്രൈൻ സൈനികരും യുദ്ധം ചെയ്തു.
പക്ഷേ, പെട്ടന്ന് തന്നെ യുദ്ധത്തിന്റെ ഗതി തിരിച്ചു വിടാൻ റഷ്യക്ക് (സോവ്യറ്റ് യൂണിയൻ) സാധിച്ചു. 1944 അവസാനിക്കുന്നതിന് മുമ്പു തന്നെ ഉക്രൈൻ മാത്രമല്ല, ജർമ്മനി കീഴടക്കിയ കിഴക്കൻ യൂറോപ്യൻ പ്രദേശങ്ങൾ മുഴുവൻ റഷ്യൻ സേന ഉഗ്രമായ പോരാട്ടത്തിലൂടെ പിടിച്ചടക്കി. 1945 ആദ്യപകുതിയിൽ തന്നെ, ജർമ്മൻ തലസ്ഥാനമായ ബെർലിനും സോവിയറ്റ് യൂണിയൻ കീഴടക്കി.
യുദ്ധത്തിന്റെ നഷ്ടപരിഹാരമെന്നോണം, കിഴക്കൻ യൂറോപ്പിലെ ഏതാണ്ട് 200 ചതുരശ്ര കിലോമീറ്റർ വരുന്ന കോണിസ്ബർഗ്ഗ് എന്ന പ്രദേശം റഷ്യ കാലിനൻഗ്രാഡ് എന്ന പേരിൽ കൈയ്യേറി. അവിടെ നിന്ന് ജർമ്മൻ കുടിയേറ്റക്കാരെയെല്ലാം നാടു കടത്തി.
പക്ഷേ, യുദ്ധത്തിൽ ജർമ്മനിക്ക് ഒപ്പം നിന്ന ഉക്രൈന്, സ്റ്റാലിൻ ഉക്രേനിയൻ ഭൂമിയും പോളണ്ടിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയും കൈമാറി. ഉക്രേനിയൻ ദേശീയവാദികൾ കൂടുതൽ ഭൂമി കിട്ടുന്നതോടെ സംതൃപ്തരാവുമെന്നും, ഭാവിയിൽ ഒരിക്കലുമവർ ജർമ്മനിക്ക് ഒപ്പം കൂട്ടുകൂടില്ല എന്നുമായിരുന്നു സ്റ്റാലിന്റെ കണക്കുകൂട്ടൽ. ശതാബ്ദങ്ങളായി റഷ്യൻ വംശജർ അധിവസിച്ചിരുന്ന സ്ഥലമാണ് ഉക്രൈൻ. അതുകൊണ്ടു തന്നെ, അദ്ദേഹമവരെ ശത്രുക്കളായി കണ്ടിരുന്നില്ല.
പക്ഷേ, സ്റ്റാലിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു കൊണ്ട് ഉക്രൈൻ കൂറ് കാണിച്ചത് നാറ്റോയോടാണ്. തങ്ങളുടെ ലക്ഷക്കണക്കിന് പട്ടാളക്കാരുടെ ജീവൻ യുദ്ധഭൂമിയിൽ ഹോമിച്ച് പിടിച്ചെടുത്ത ഭൂമി ഉക്രൈനു കൈമാറിയ വങ്കത്തനത്തിൽ റഷ്യ ഇന്ന് പശ്ചാത്തപിക്കുന്നുണ്ടാവും. തങ്ങളുടെ പിതൃഭൂമിയായിരുന്ന ഉക്രൈനിൽ, നാറ്റോ സഖ്യം മിസൈലുകൾ സ്ഥാപിക്കുന്നത് വ്ലാഡിമിർ പുടിൻ നോക്കി നിൽക്കില്ല.
Post Your Comments