Latest NewsNewsIndia

തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഷപ്പിന്റെ അറസ്റ്റ്: രാഷ്ട്രീയ നിലപാടുകളുടെ തുലാസിൽ ആടിയുലഞ്ഞ് തമിഴ്‌നാട് വോട്ട്ബാങ്കുകൾ

തിരുനെൽവേലി ജില്ലയിൽ സഭാ ഭൂമിയിൽ മണൽക്കൊള്ള, ക്രിമിനൽ ഗൂഢാലോചന അടക്കം കടുത്ത വകുപ്പുകളാണ് ബിഷപ്പിനെതിരെ തമിഴ്നാട് സിബിസിഐഡി ചുമത്തിയിരിക്കുന്നത്.

ചെന്നൈ: തമിഴ്നാട്ടിൽ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ മണൽ ഖനനക്കേസിൽ മലങ്കര കത്തോലിക്കാ സഭാ പത്തനംതിട്ട ബിഷപ്പ് അറസ്റ്റിലായത് രാഷ്ട്രീയ പാർട്ടികൾക്ക് അവസാന നിമിഷം തലവേദനയാകുന്നു. ഭരണ മുന്നണിയിൽ ആണെങ്കിലും തമിഴ്നാട് ക്രൈംബ്രാഞ്ചിന്റെ നടപടിയെ ശക്തമായി എതിർക്കുകയാണ് കോണ്‍ഗ്രസ്. അതേസമയം ഭരണത്തിൽ ഭാഗമായ ഇടത് മുന്നണി അറസ്റ്റ് നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.

Also read: കിഴക്കമ്പലത്ത് സ്ട്രീറ്റ് ലൈറ്റ് പദ്ധതി: ട്വന്റി – ട്വന്റിയും എംഎൽഎയും തമ്മിലുള്ള പോര് മുറുകുന്നു

കന്യാകുമാരി, തൂത്തുകുടി, തിരുനെൽവേലി എന്നിവ ഉൾപ്പെടുന്ന തെക്കൻ തമിഴ്‌നാട്ടിലെ നിർണായകമായ കത്തോലിക്കാ വോട്ടുകൾ നാളുകളായി ഡിഎംകെയുടെ വോട്ട് ബാങ്കാണ്. മലങ്കര കത്തോലിക്കാ സഭാ ബിഷപ്പ് തോമസ് മാർ ഐറേനിയസിനെയും അഞ്ച് വൈദികരെയും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അറസ്റ്റ് ചെയ്യുന്നത്. തിരുനെൽവേലി ജില്ലയിൽ സഭാ ഭൂമിയിൽ മണൽക്കൊള്ള, ക്രിമിനൽ ഗൂഢാലോചന അടക്കം കടുത്ത വകുപ്പുകളാണ് ബിഷപ്പിനെതിരെ തമിഴ്നാട് സിബിസിഐഡി ചുമത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി തിരുനെൽവേലി വരെ ബിഷപ്പിനെയും വൈദികരെയും വിളിച്ചുവരുത്തി അറസ്റ്റ് ചെയതത് ഭരണമുന്നണിയിലെ രാഷ്ട്രീയ കേന്ദ്രങ്ങളെ അടക്കം ഞെട്ടിച്ചിരുന്നു.

തെരഞ്ഞെടുപ്പ് കാലം ആണെങ്കിലും തമിഴ്നാട്ടിൽ ഒട്ടാകെ സ്വീകരിച്ചു വരുന്ന പരിസ്ഥിതി സംരക്ഷണ നിലപാടുകളിൽ വെള്ളം ചേർക്കേണ്ടതില്ല എന്നാണ് സിപിഎമ്മിന്റെ നിലപാട്. ഡിഎംകെ പ്രാദേശിക നേതാക്കൾ ബിഷപ്പിന്‍റെ അറസ്റ്റിൽ സർക്കാരിനെ ആശങ്ക അറിയിച്ചിരുന്നു. ബിഷപ്പ് സാമുവൽ മാർ ഐറേനിയസിന് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ തമിഴ്നാട് സ്പീക്കർ എം. അപ്പാവു ഇടപെട്ടിരുന്നു. വിഷയത്തിൽ എഐഎഡിഎംകെ പരസ്യമായ നിലപാടുകൾ ഒന്നും ഇതുവരെ എടുത്തിട്ടില്ല. അതേസമയം ചികിത്സയിൽ കഴിയുന്ന ബിഷപ്പിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരിക്കെ തന്നെ നാങ്കുനേരിയിലെ കോണ്‍ഗ്രസ് എംഎൽഎ റൂബി മനോഹരൻ സന്ദർശിച്ചതും വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button