വാഷിംഗ്ടൺ: അധികാരത്തില്‍ നിന്നൊഴിഞ്ഞതിനു ശേഷം മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബദ്ധം പുലർത്തുന്ന ഒരേയൊരു നേതാവ് ഉത്തര കൊറിയന്‍ സര്‍വാധിപതി കിം ജോം ഉൻ ആണെന്ന് റിപ്പോർട്ടുകൾ. ട്രംപ് തന്റെ വിശ്വസ്ഥരായ ആളുകളോട് പല തവണ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നാണ് ലഭ്യമായ വിവരങ്ങൾ. മാത്രമല്ല, കിമ്മുമായി പല വട്ടം ബന്ധപ്പെടുകയും കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യാറുണ്ടെന്നും ട്രംപ് ഉറ്റവരോട് പറഞ്ഞിട്ടുണ്ട്.
ന്യൂയോര്‍ക്ക് ടൈംസിലെ മാധ്യമപ്രവര്‍ത്തക മാഗി ഹെബര്‍മാന്‍ ട്രംപിനെക്കുറിച്ച് എഴുതുന്ന ‘ദ് കോണ്‍ഫിഡന്‍സ് മാന്‍’ എന്ന പുതിയ പുസ്തകത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. പുസ്തകം ഇറങ്ങുന്നതിന് മുമ്പ് തന്നെ, അതിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ വിവരം ഇപ്പോൾ ചർച്ചയാവുകയാണ്. ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന കാര്യം ട്രംപ് പല തവണ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ടെന്ന് പുസ്തകമെഴുതിയ മാഗി ഹെബര്‍മാന്‍ സി എന്‍ എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ട്രംപ് പലപ്പോഴും കിമ്മുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. താനും കിമ്മും തമ്മില്‍ പ്രണയത്തിലാണ് എന്നായിരുന്നു 2018-ല്‍ ട്രംപ് പറഞ്ഞിരുന്നത്. ഇരുവരും തമ്മില്‍ കത്തിടപാടുകള്‍ ഉണ്ടെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. അമേരിക്കയും ഉത്തരകൊറിയയുമായുള്ള ബന്ധം അത്ര നല്ല രീതിയിലല്ല ഇപ്പോൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. അതിനിടെയാണ് കിമ്മുമായി ഇപ്പോഴും അടുത്തബന്ധം പുലർത്തുന്നുവെന്ന ട്രംപിന്റെ അവകാശ വാദം. സ്വകാര്യ വ്യക്തികള്‍ അനുമതിയില്ലാതെ മറ്റ് രാജ്യങ്ങളുടെ ഭരണാധികാരികളുമായി ചര്‍ച്ച നടത്തുന്നത് 1799-ലെ അമേരിക്കന്‍ നിയമപ്രകാരം കുറ്റകരമാണ്.
പുസ്തകത്തിലെ ഈ പരാമര്‍ശം വിവാദമായെങ്കിലും ട്രംപോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ ഇക്കാര്യത്തില്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടില്ല. അതുപോലെ യു.എസ് വിദേശകാര്യ മന്ത്രാലയവും വൈറ്റ് ഹൗസും പ്രസിഡന്റിന്റെ ഓഫീസും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.
Post Your Comments