KeralaNattuvarthaLatest NewsNewsIndia

അവരുടെ സമരം ഹിജാബിനു വേണ്ടി, മാധ്യമങ്ങൾ വളച്ചൊടിക്കുന്നു; എന്താണ് ഹിജാബ്? എന്താണ് നിഖാബ്? വ്യന്തമാക്കി ഷിംന അസീസ്

തിരുവനന്തപുരം: ഹിജാബ് വിവാദത്തിൽ തന്റെ നിലപാട് വ്യക്തമാക്കി ഡോക്ടർ ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ്. എന്താണ് ഹിജാബ് എന്താണ് നിഖാബ് എന്ന് മനസ്സിലാക്കാതെയാണ് പലരും വാർത്തകൾ പുറത്തു വിടുന്നതെന്ന് ഷിംന അസീസ് പറയുന്നു. ഹിജാബും നിഖാബും രണ്ടും രണ്ടാണെന്നും, ഉഡുപ്പിയിലെ പെൺകുട്ടികളെ സമരം ചെയ്യുന്നത് ഹിജാബിന് വേണ്ടിയാണെന്നും ഷിംന അസീസ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

Also Read:നിയമങ്ങൾ ലംഘിച്ചു: സെൻസൊഡൈൻ ഉത്പന്നങ്ങളുടെ പരസ്യങ്ങൾക്ക് ഇന്ത്യയില്‍ വിലക്ക്, നാപ്‌റ്റോളിന് 10 ലക്ഷം രൂപ പിഴ

‘തല മറയ്‌ക്കുക എന്നത് ഒരു മുസ്ലീം സ്ത്രീക്ക് മതവിശ്വാസപ്രകാരം നിർബന്ധമായ കാര്യമാണ്. അത് വിശ്വസിക്കുകയും പാലിക്കുകയും ചെയ്യുന്നവർ കാലങ്ങളായി അങ്ങനെ തന്നെയാണ് ജീവിച്ച് പോരുന്നത്. ഭരണഘടന ഉറപ്പുതരുന്ന അവകാശമാണ്. അതിനായി തലയിൽ തട്ടമോ, തട്ടം തന്നെ മറ്റൊരു രൂപത്തിൽ ചുറ്റിക്കെട്ടിയ ഹിജാബോ, സ്കാർഫോ, ഒക്കെ അവരവരുടെ സൗകര്യത്തിനും താല്പര്യത്തിനും അനുസരിച്ച് ഉപയോഗിച്ച് വരുന്നുണ്ട്. ഒന്നാമത്തെ ഫോട്ടോയിലുള്ളതാണ് ഹിജാബ്. കർണ്ണാടകയിൽ പെൺകുട്ടികൾ അവർക്ക് ഹിജാബ് ഉപയോഗിക്കാനുള്ള അവകാശത്തിനാണ് സമരം ചെയ്യേണ്ടി വന്നിട്ടുള്ളത്. അങ്ങനെ വിശ്വസിക്കുന്ന പെൺകുട്ടികൾക്ക്‌ തല മറയ്‌ക്കാനുള്ള അവകാശത്തോടൊപ്പം തന്നെയാണ്‌’, ഷിംന അസീസ് വ്യക്തമാക്കുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം:
തല മറയ്‌ക്കുക എന്നത് ഒരു മുസ്ലീം സ്ത്രീക്ക് മതവിശ്വാസപ്രകാരം നിർബന്ധമായ കാര്യമാണ്. അത് വിശ്വസിക്കുകയും പാലിക്കുകയും ചെയ്യുന്നവർ കാലങ്ങളായി അങ്ങനെ തന്നെയാണ് ജീവിച്ച് പോരുന്നത്. ഭരണഘടന ഉറപ്പുതരുന്ന അവകാശമാണ്. അതിനായി തലയിൽ തട്ടമോ, തട്ടം തന്നെ മറ്റൊരു രൂപത്തിൽ ചുറ്റിക്കെട്ടിയ ഹിജാബോ, സ്കാർഫോ, ഒക്കെ അവരവരുടെ സൗകര്യത്തിനും താല്പര്യത്തിനും അനുസരിച്ച് ഉപയോഗിച്ച് വരുന്നുണ്ട്. ഒന്നാമത്തെ ഫോട്ടോയിലുള്ളതാണ് ഹിജാബ്. കർണ്ണാടകയിൽ പെൺകുട്ടികൾ അവർക്ക് ഹിജാബ് ഉപയോഗിക്കാനുള്ള അവകാശത്തിനാണ് സമരം ചെയ്യേണ്ടി വന്നിട്ടുള്ളത്. അങ്ങനെ വിശ്വസിക്കുന്ന പെൺകുട്ടികൾക്ക്‌ തല മറയ്‌ക്കാനുള്ള അവകാശത്തോടൊപ്പം തന്നെയാണ്‌.

മുഖവും മുൻകൈയും ഒഴികെ ശരീരം മറയ്‌ക്കുക എന്നേ മതം പറയുന്നുള്ളൂ. അതുകൊണ്ട് തന്നെ ഹിജാബിനപ്പുറം കണ്ണുമാത്രം പുറത്ത് കാണിക്കുന്ന രണ്ടാമത്തെ ഫോട്ടോയിൽ നൽകിയ നിഖാബ്, എന്നത് മതത്തിൽ കെട്ടേണ്ട ഒന്നല്ല. സ്കൂളിനുള്ളിൽ നിഖാബ് ധരിക്കാൻ വേണ്ടിയല്ല കർണ്ണാടകയിലെ പെൺകുട്ടികൾ സമരം ചെയ്യുന്നത്. സമരത്തിന്റെ വാർത്തകളിൽ ചിത്രങ്ങളിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കാനായി വ്യാപകമായി നിഖാബിന്റെ ചിത്രം ഉപയോഗിച്ച് വരുന്നത് കണ്ടു. അപ്പുറത്ത് നുണകളും വർഗ്ഗീയതയും മാത്രം കൊയ്ത് വിളവെടുക്കുന്നൊരു കൂട്ടം ആളുകളുള്ളപ്പോ അതിൽ വലിയ അത്ഭുതമൊന്നുമില്ല.

ഇനി ഇതല്ലാതെ മുഖം മുഴുവനും മൂടുന്ന ഒന്നു കൂടിയുണ്ട്, ബുർഖ. അതിപ്പോ ഞാനൊരു ബുർഖയിട്ട് ഫോട്ടോ എടുത്താലും, മറ്റാരെങ്കിലും അതേ ബുർഖയെടുത്ത് ഫോട്ടോ എടുത്താലും ഒറ്റനോട്ടത്തിൽ വല്യ വ്യത്യാസമൊന്നും ഇല്ലാത്തത് കൊണ്ട് അതിന്റെ പ്രത്യേകം ആവശ്യമില്ലല്ലോ. നിഖാബോ ബുർഖയോ പോലെ കൂടെയിരിക്കുന്നത് ആരാണെന്ന്‌ മനസ്സിലാകാത്ത രീതിയിൽ മുഖം മറച്ച് ഒരു ആൾക്കൂട്ടത്തിനിടയിൽ ചെന്നിരിക്കുന്നതിനോട് വ്യക്‌തിപരമായി എതിർപ്പാണുള്ളത്. അത് ധരിക്കണം എന്നുള്ളവർക്ക് ധരിക്കാനുള്ള അവകാശം പോലെത്തന്നെയാണ് മറ്റൊരാൾക്ക് പൊതുസ്ഥലത്ത് തന്റെ അടുത്ത് നിൽക്കുന്നത് ആരാണെന്ന് അറിയാനുള്ള അവകാശവും.

ആവർത്തിക്കട്ടെ, ഇവിടെ നിഖാബും ബുർഖയും പോലെ മുഖം മറയ്‌ക്കുന്ന വസ്ത്രം ധരിക്കാനുള്ള ആവശ്യം ഉന്നയിച്ചല്ല ആ കുട്ടികൾ സമരം ചെയ്യുന്നത്. അവരുടെ ആവശ്യം തലം മറയ്ക്കാനുള്ള ഹിജാബ് മാത്രമാണ്.

കർണ്ണാടകയിലെ പെൺകുട്ടികൾക്ക് ഹിജാബ് ഉപയോഗിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുന്നവർ എന്ന പേരിൽ നിരന്നു നിൽക്കുന്നവരും, നിരത്തി നിർത്തപ്പെട്ടവരുമൊക്കെ ഇടുന്ന വസ്ത്രത്തിന്റെ ഫോട്ടോയോ, അവർ പറയുന്ന വാചകങ്ങളോ എടുത്ത് ആ പെൺകുട്ടികളുടെ ആവശ്യത്തിൽ വെള്ളം ചേർക്കാൻ വരേണ്ട. സ്വന്തം അവകാശത്തിനു വേണ്ടി പൊരുതുന്നതിനോടൊപ്പം കുറേ വിഡ്ഡികളോടും വർഗ്ഗീയവിഷങ്ങളോടും കൂടെ പൊരുതേണ്ട ആ കുട്ടികളുടെ അവസ്ഥ ആലോചിച്ച് വല്ലാതെ സങ്കടമുണ്ട്.

ഹിജാബ് ധരിച്ചാൽ മാത്രം പഠിക്കാൻ പോകാൻ സാഹചര്യം കിട്ടുന്നവരെ അങ്ങനെ തന്നെ പഠിക്കാൻ അനുവദിച്ചേ മതിയാവൂ… തലമറച്ചാണോ എന്നതിനപ്പുറം, അവരുടെ പഠനമാണ്‌ പ്രധാനം. അതല്ലെങ്കിൽ, അടുക്കളയ്‌ക്കും കുടുംബത്തിനുമപ്പുറം ലോകമെന്തെന്നറിയാതെ അവനവന്റെ വില പോലും അറിയാതെ വളരുന്ന ഒരു തലമുറ പെൺകുട്ടികളാകും അനന്തരഫലം.

– Dr. Shimna Azeez

shortlink

Related Articles

Post Your Comments

Related Articles


Back to top button