ന്യൂഡല്‍ഹി : കേരളം പോലെയാകാതിരിക്കാന്‍ ‘ശ്രദ്ധിച്ചു’ വോട്ട് ചെയ്യണമെന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും കേരളം എന്ന ചെറിയ സംസ്ഥാനം അതിനെക്കാള്‍ മൂന്നിരട്ടി വലുപ്പമുള്ള യുപിയെക്കാള്‍ മുന്നിലെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ നേട്ടം മാത്രമാണെന്ന് പറയുന്നത് ശരിയല്ലെന്നും വി. മുരളീധരന്‍ പറഞ്ഞു. കേരളത്തിലെ ഗുണ്ടാരാജിനെ കുറിച്ചാണ് യോഗി പരാമര്‍ശിച്ചത്. യുപിയില്‍ മുന്‍കാലത്തെ അപേക്ഷിച്ച് ക്രമസമാധാനത്തില്‍ വലിയ നേട്ടമുണ്ടാക്കാന്‍ യോഗിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചാല്‍ എന്താണ് അവസ്ഥയെന്ന് കഴിഞ്ഞ രണ്ട് ദിവസമായി സൈബര്‍ അറ്റാക്ക് നേരിടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയാം. യുപി മുഖ്യമന്ത്രിയോട് ആര്‍ക്കും ചോദ്യം ചോദിക്കാമെന്നും അദ്ദേഹം സമാധാനമായി ഉത്തരം നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു. യുപിയില്‍ ബലാത്സംഗം നടക്കുന്നതിനെ പരാമര്‍ശിക്കുന്നവര്‍ക്ക് വണ്ടിപ്പെരിയാറിലെ ഡിവൈഎഫ്‌ഐ നേതാക്കളുടെ ബലാത്സംഗത്തെ കുറിച്ച് മിണ്ടാട്ടമില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also : ‘ബുർഖ ധരിച്ച് കൊണ്ട് കോളേജിൽ കയറരുതെന്ന് പറഞ്ഞിട്ടില്ല’: വ്യക്തമാക്കി തെലങ്കാനയിലെ വിദ്യാഭ്യാസ സ്ഥാപനം
കേരളത്തെക്കുറിച്ചാണ് എന്ന് പറഞ്ഞ് നടത്തുന്ന പ്രചാരണവേലയില്‍ കോണ്‍ഗ്രസും വി.ഡി സതീശനും നിലപാട് വ്യക്തമാക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന കാര്യങ്ങളെ സതീശനും കോണ്‍ഗ്രസും പൂര്‍ണമായി പിന്തുണയ്ക്കുന്നുണ്ടോയെന്നും മുരളീധരന്‍ ചോദിച്ചു. ബംഗാളിലെ കാര്യത്തിലേക്ക് വന്നാല്‍ തൃണമൂല്‍ ഭരണത്തില്‍ ഒരു കേന്ദ്ര മന്ത്രിക്ക് പോലും രക്ഷയില്ലെന്ന് തനിക്ക് നേരിട്ട് അനുഭവമുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.
Post Your Comments