കോഴിക്കോട്: ഉത്തര്‍പ്രദേശ് കേരളമാവാതിരിക്കാന്‍ ജനങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണം എന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. കേരളത്തിന്റെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തി ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം വിഷയത്തിലെ തന്റെ പ്രതിഷേധം അറിയിക്കുന്നത്.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
U P കേരളമാകാതിരിക്കാൻ ബിജെപിക്ക് വോട്ട് നൽകണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന പരിഹാസ്യമാണ്. ലോകത്തിന്റെ മുമ്പിൽ പല സന്ദർഭങ്ങളിലും നമ്മുടെ രാജ്യം തലകുനിക്കേണ്ടി വന്നത് ഇവരുടെ പ്രവർത്തനത്തിന്റെ ഫലമായിരുന്നു എന്നത് ബി.ജെ.പി മറന്ന് പോവരുത്. ഇന്ത്യയെന്ന ഏകകത്തിന് ഒരു വിലയും കൽപ്പിക്കാതെ തന്നിഷ്ട്ടങ്ങൾ മാത്രം പ്രവർത്തിക്കുകയും രാജ്യത്തിന്റെ ബഹുസ്വര സംസ്‌കാരത്തെ തകർക്കുകയും ചെയ്ത ഇവർക്ക് കേരളത്തെ കുറിച്ച് സംസാരിക്കാൻ പോലും അർഹതയില്ല. പതിറ്റാണ്ടുകളായി നമ്മൾ കാത്തുസൂക്ഷിച്ച മൂല്യങ്ങൾ നമുക്ക് കൈമോശം വന്ന് പോയാൽ UP യിൽ സംഭവിക്കുന്നതുപോലുള്ള അനിഷ്ടകരമായ പലതും നമ്മുടെ സാംസ്‌കാരിക കേരളത്തിലും സംഭവിക്കും. അതില്ലാതിരിക്കാനാണ് നമ്മൾ ജാഗ്രത കാണിക്കേണ്ടത്.
Read Also: സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണം നടപ്പാക്കുന്നതില്‍ ആര്‍ക്കും ഇളവ് നല്‍കാനാകില്ല : വത്തിക്കാന്‍
ക്രമ സമാധാന പാലനത്തിലും, സൗഹൃദ ജീവിത പശ്ചാത്തലത്തിലും കേരളം കൈവരിച്ച നേട്ടം അഭിമാനകരമാണ്. ഇന്ത്യയിലെ പല പ്രദേശങ്ങളിലും മതത്തിന്റെയും, ജാതിയുടെയും പേര് പറഞ്ഞ് വർഗീയ കലാപങ്ങൾ സൃഷ്ടിക്കപ്പെട്ടപ്പോൾ കേരളം അതിൽനിന്നും ഭിന്നമായി മനുഷ്യരുടെ ജീവിതത്തിന് വിലയും അഭിമാനവും നില നിർത്തുന്ന പ്രദേശമായി നിലകൊണ്ടത് നമ്മൾ പുലർത്തിയ ഉന്നതമായ ജീവിത മൂല്യങ്ങൾ കൊണ്ട് കൂടിയായിരുന്നു. ഇത്തരം നേട്ടങ്ങളിലേക്ക് UP ക്ക് എത്തി നോക്കണമെങ്കിൽ തന്നെ ചുരുങ്ങിയത് 25 വർഷം ഇനിയുമെടുക്കും.
സാംസ്കാരികവും, സാമ്പത്തികവും, സാമൂഹികവുമായ മേഖലകളിൽ കേരളം ഇന്ത്യക്ക് തന്നെ മാതൃകയാണ്. കേരളത്തിന്റെ ഈ സ്ഥിതിവിശേഷത്തിന് പലതരത്തിലുമുള്ള കാരണങ്ങളുണ്ട്. നമ്മുടെ പൂർവ്വികരായ നവോത്ഥാന നായകന്മാരുടെ പ്രവർത്തനം തൊട്ട് ഐക്യകേരളം രൂപപ്പെട്ടതിന് ശേഷം മാറി മാറി വന്ന ജനാധിപത്യ സർക്കാറുകളുടെ പ്രവർത്തനങ്ങൾ വരെ ഇതിന് കാരണമായിട്ടുണ്ട്.
കേരളത്തിന്റെ ആരോഗ്യ പരിരക്ഷ വളരെ സവിശേഷമാണ്. ഐക്യ കേരളത്തിൽ ഇന്നോളം ഉണ്ടായിട്ടുള്ള സർക്കാറുകളെല്ലാം ആ മേഖലയിൽ വലിയ ജാഗ്രത കാണിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് എല്ലാ ജില്ലകളിലും ഗവണ്മെന്റ് മെഡിക്കൽ കോളേജ് എന്നത് ഇന്ത്യയിലെ തന്നെ വിപ്ലവകരമായ ഒരു പ്രവർത്തനമായിരുന്നു.
പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന നേട്ടം കൈവരിച്ചിരുന്നു. നമ്മുടെ വലിയ സമ്പത്തായ പ്രവാസികൾ മുഖേന വിദേശ നാണ്യം നേടുന്നതിൽ നമ്മളെന്നും മുൻപന്തിയിൽ തന്നെയായിരുന്നു. ഈ പശ്ചാത്തലത്തിലേക്ക് GIM, Emerging Kerala പോലുള്ള നൂതന ആശയങ്ങൾ വന്നതിലൂടെ വ്യാവസായിക മേഖലയിൽ കേരളം വലിയ കുതിച്ചു ചാട്ടമാണ് നടത്തിയത്.
കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക മറ്റുപല സംസ്ഥാനങ്ങളും ഏറ്റെടുത്തു എന്നത് കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് നമ്മൾ കൈവരിച്ച നേട്ടം അത്ഭുതകരമായിരുന്നു. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ നയമാണ് നമ്മൾ വെച്ച് പുലർത്തിയത്. എല്ലാ സമൂഹങ്ങളെയും മുഖ്യധാരയിലേക്ക് ഒരുമിച്ച് കൊണ്ടുവരിക എന്ന ചരിത്ര ദൗത്യമാണ് നാം ഇതിലൂടെ നിർവ്വഹിച്ചത്. പിന്നാക്ക പ്രദേശങ്ങളിലേക്ക് സർവകലാശാലകൾ അനുവദിച്ചുകൊണ്ട് അതിന്റെ പ്രായോഗികവൽക്കരണമാണ് UDF ഭരണ കാലങ്ങളിൽ കേരളം ദർശിച്ചത്.
സാക്ഷരതയിലും ഐ.ടി സാക്ഷരതയിലും കേരളത്തിന് ഇന്ത്യയുടെ മുന്നിൽ നടക്കാൻ സാധ്യമായിട്ടുണ്ട്. രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ IT വകുപ്പ് കൈകാര്യം ചെയ്ത സമയത്താണ് ലോകത്തിന് തന്നെ മാതൃകയായ അക്ഷയ പദ്ധതിക്ക് തുടക്കമായത്. ഒരു വീട്ടിൽ ഒരാൾക്ക് IT സാക്ഷരത നൽകുക എന്ന പദ്ധതി ലോകശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. അതിന്റെ രണ്ടാം ഘട്ടമായിരുന്നു 2010-16 കാലത്തെ UDF ഭരണത്തിൽ നടപ്പാക്കിയ ഡിജിറ്റൽ സ്റ്റേറ്റ് പദ്ധതി. മോഡി സർക്കാർ ഡിജിറ്റൽ ഇന്ത്യ സ്വപ്നം കാണുന്നതിന് മുമ്പ് തന്നെ ഈ ആശയം കേരളം പ്രവർത്തി പഥത്തിൽ കൊണ്ടുവന്നിട്ടുണ്ട്.
Post Your Comments