Latest NewsNewsIndia

വസ്ത്രത്തിന് മുകളിലൂടെ പിടിക്കുന്നത് പീഡനമല്ല: വിവാദ വിധി പ്രസ്താവനയ്ക്ക് പിന്നാലെ രാജി വെച്ച് വനിതാ ജഡ്ജി

പോക്സോ ചുമത്തണമെങ്കിൽ പ്രതി വസ്ത്രത്തിനുള്ളിലൂടെ സ്പര്ശിക്കണം എന്നായിരുന്നു ജഡ്ജിയുടെ നിരീക്ഷണം.

മുംബൈ: വസ്ത്രത്തിന് മുകളിലൂടെ കയറിപ്പിടിക്കുന്നത് ലൈംഗിക പീഡനമല്ലെന്ന വിവാദ വിധി പ്രസ്താവിച്ചതിനു പിന്നാലെ ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ ഗണേധിവാല രാജിവച്ചു. ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജി ആയിരുന്ന ഗണേധിവാലയെ വിവാദ ഉത്തരവ് ചൂണ്ടിക്കാട്ടി സ്ഥിരപ്പെടുത്തേണ്ടെന്ന് കൊളീജിയം തീരുമാനം എടുത്തിരുന്നു. ഇതോടെ ഹൈക്കോടതിയിലെ തന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെ ജഡ്ജി രാജി വെക്കുകയായിരുന്നു. അഡീഷൽ ജഡ്ജിയായ ഗണേധിവാലയെ സ്ഥിരപ്പെടുത്തുകയോ കാലാവധി നീട്ടി നൽകുകയോ ചെയ്യാത്തതിനാൽ അവർക്ക് തിരികെ ജില്ലാ കോടതിയിലേക്ക് മടങ്ങേണ്ടി വരുമായിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് ജഡ്ജി കാലാവധി തീരുന്നതിന് ഒരു ദിവസം മുൻപ് രാജി വെച്ചത്. ഇനി അഭിഭാഷകയായി പുഷ്പ ഗണേധിവാല പ്രവർത്തിക്കും എന്നാണ് വിവരം.

Also read: ഹിജാബ് വിവാദം: വിഷയം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കേണ്ടതില്ല, എന്തെങ്കിലും സംഭവിച്ചാൽ ഇടപെടാമെന്ന് സുപ്രീം കോടതി

കഴിഞ്ഞ വർഷം ജനുവരിയിലാണ് 12 കാരിയെ പീഡിപ്പിച്ച 39 കാരന്‍റെ അപ്പീൽ പരിഗണിച്ച പുഷ്പ ഗണേധിവാല വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. പേരയ്ക്ക തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തി പെൺകുട്ടിയുടെ മാറിടത്തിൽ പിടിച്ച സംഭവത്തിൽ, പെൺകുട്ടി അമ്മയോട് വിവരങ്ങൾ പറഞ്ഞതിന് പിന്നാലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കേസിൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിനെ ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി ഈ കേസിൽ പോക്സോ വകുപ്പ് നിലനിൽക്കില്ലെന്ന വിചിത്രമായ പരാമർശമാണ് നടത്തിയത്. പോക്സോ ചുമത്തണമെങ്കിൽ പ്രതി വസ്ത്രത്തിനുള്ളിലൂടെ സ്പര്ശിക്കണം എന്നായിരുന്നു ജഡ്ജിയുടെ നിരീക്ഷണം. പ്രതി നേരിട്ട് ചർമ്മത്തിൽ സ്പർശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പോക്സോ വകുപ്പ് ചുമത്താനാകില്ലെന്ന് ഗണേധിവാല വിധി പറഞ്ഞു. പിന്നീട് അറ്റോർണി ജനറൽ വിഷയം സുപ്രീം കോടതിക്ക് മുന്നിൽ എത്തിക്കുകയും ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button