MalappuramKozhikodeThiruvananthapuramWayanadKollamKannurPathanamthittaKasargodAlappuzhaKottayamIdukkiErnakulamThrissurPalakkadNattuvarthaLatest NewsKeralaNewsIndia

അല്ല, ഈ പർദ്ദയൊക്കെ എന്നാണുണ്ടായത്? പണ്ടൊക്കെ ഉമ്മൂമ്മമാർ ജാക്കറ്റും മുണ്ടുമായിരുന്നു ഉടുത്തിരുന്നത്

പള്ളിയിൽ മാറി മാറി വരുന്ന ഉസ്താദുമാർ മദ്രസകളിൽ പതിയെ പർദ്ദ ഒരു നിർബന്ധിത വസ്ത്രമാക്കി

എനിക്ക് ഓർമ്മവച്ച കാലം മുതൽക്ക് വിവാഹം കഴിഞ്ഞ മുസ്ലിം സ്ത്രീകൾ ഒരു സാരി ഉടുക്കും, എന്നിട്ട് അതിന്റെ തുമ്പ് തലയിലിട്ട് മുടി മറച്ചു പിടിയ്ക്കും. ഉമ്മൂമ്മമാരൊക്കെ ജാക്കറ്റും പാവാടയും, അല്ലേൽ ജാക്കറ്റും മുണ്ടും ഉടുക്കും. 1996 ലാണ് ഞാൻ ജനിച്ചത്, അന്ന് മുതൽക്കുള്ള ഓർമ്മയില്ലെങ്കിലും 2000 മുതൽക്ക് എനിക്ക് നല്ല ഓർമ്മയുണ്ട്, അന്ന് പർദ്ദയെക്കുറിച്ച് എന്റെ നാട്ടിൽ ആരും തന്നെ ചിന്തിച്ചു തുടങ്ങിയിട്ട് പോലുമില്ലെന്ന് തോന്നുന്നു. അത്രമേൽ വിശ്വാസിയായ എന്റെ ഉമ്മ പോലും പർദ്ദ ഇടില്ലായിരുന്നു. ഞാൻ ജനിക്കുന്നതിനും മുൻപ് വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കാലഘട്ടത്തിലും ഈ ഏർപ്പാട് ഉണ്ടായിരുന്നതായി എനിക്ക് തോന്നുന്നില്ല. അങ്ങേരുടെ കാലത്തുള്ള ഫാമിലി ഫോട്ടോകളിൽ സാരി തന്നെയാണ് മുസ്ലിം സ്ത്രീകളുടെ പ്രധാന വസ്ത്രം.

Also Read:‘എന്തിനാണ് ശരിക്കും യൂണിഫോം? കാവി വസ്ത്രമോ? പർദ്ദയോ ഒന്നും എന്നെ ബുദ്ധിമുട്ടിക്കുന്നില്ല’: ശ്രീജിത്ത് പണിക്കർ

മദ്രസയിൽ പഠിച്ചിരുന്ന കാലത്തും ഈ പർദ്ദയുടെ ഏർപ്പാട് ഒന്നുമില്ല, പെൺകുട്ടികൾ പലപ്പോഴും സ്കൂൾ യൂണിഫോം ഇട്ടിട്ടാണ് വരാറുള്ളത്. ശനിയും ഞായറും മാത്രം അവര് കളർ ഡ്രസ്സ്‌ ഇടും. ചുവപ്പും, മഞ്ഞയും പാവാടയും, ഫ്രോക്ക് പോലെയുള്ള ഡ്രസ്സും അങ്ങനെയങ്ങനെ സുന്ദരികളായി വരും. സ്കൂളിൽ ചേർന്നപ്പോഴുമില്ല പർദ്ദ, ഇടയ്ക്ക് ഉമ്മാന്റെ വീട്ടിൽ പോകുമ്പോൾ ചിലരെയൊക്കെ പർദ്ദയിട്ട് കണ്ടിട്ടുണ്ട്. അവരൊക്കെ ഗൾഫുകാരുടെ ഭാര്യമാരോ, അതോ ഉസ്താദുമാരുടെ കുടുംബമോ മറ്റൊ ആയിരിക്കും. പർദ്ദ അവരിൽ മാത്രം ഒതുങ്ങി നിന്നിരുന്നു, അതും എപ്പോഴുമുള്ള ഒരു വസ്ത്രമായിരുന്നില്ല, പുറത്തു പോകുമ്പോഴോ മറ്റൊ മാത്രമാണ് അവരത് ധരിച്ചിരുന്നത്.

എന്നാൽ പള്ളിയിൽ മാറി മാറി വരുന്ന ഉസ്താദുമാർ മദ്രസകളിൽ പതിയെ പർദ്ദ ഒരു നിർബന്ധിത വസ്ത്രമാക്കി. ചെറിയ കുട്ടികൾ പോലും പർദ്ദയിടാൻ തുടങ്ങി, അപ്പോഴും ഹിജാബ് മാത്രമെയുള്ളൂ നിക്കാബ് എന്നൊരു ചിന്തയെ ഇല്ലാ. എന്നാൽ തുടർന്ന് ഉസ്താദ് മാരുടെ പിന്മുറക്കാർ നിക്കാബും കുട്ടികളിൽ അടിച്ചേൽപ്പിച്ചു. ആദ്യമൊക്കെ നബിദിനത്തിന് പെൺകുട്ടികൾക്ക് വേദിയിൽ കയറി പാടാമായിരുന്നു, പ്രസംഗം പറയാമായിരുന്നു. ഞാൻ കേട്ടിട്ടില്ല, കണ്ടിട്ടില്ല, പക്ഷെ ഉമ്മയും അമ്മായിയുമൊക്കെ അവരുടെ അനുഭവങ്ങൾ പറഞ്ഞിരുന്നു. പതിയെ ആ അവകാശവും ഇല്ലാതായി. വെറും കാണികൾ മാത്രമാക്കി, ഒരു പ്രോത്സാഹന സമ്മാനവും കൊടുത്ത്, ഒരു മറകെട്ടി ഉസ്താദുമാർ അവരെ ഒരു മൂലയിൽ ഇരുത്തി.

ഇന്നിപ്പോൾ പർദ്ദയും നിക്കാബുമിട്ട് എന്റെ വസ്ത്രം എന്റെ സ്വാതന്ത്ര്യം എന്ന് പറയുന്നവരെ കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നും, ഇതാണ് സ്വാതന്ത്ര്യം ഇതാണ് വസ്ത്രം എന്ന് കുഞ്ഞിലേ പറഞ്ഞു പഠിപ്പിച്ചതല്ലാതെ, സ്വാതന്ത്ര്യത്തേക്കുറിച്ച് ഇവർക്ക് എന്തറിയാനാണ് എന്ന് സഹതാപം തോന്നും. പറഞ്ഞു പഠിപ്പിച്ചതിൽ കൂടുതൽ ഇവർക്ക് ഒന്നുമറിയില്ല, സ്വന്തമായി ഒരു മുഖമൊ ഒരു ഐഡന്റിറ്റിയൊ ഇല്ലാ, അവന്റെ ഭാര്യ, അയാളുടെ മകൾ, അവളുടെ മോൾ, അവന്റെ ഉമ്മ എന്ന ലേബലിൽ അവരങ്ങനെ ജീവിച്ചു മരിക്കുന്നു. അവർക്കതിൽ പരാതികൾ ഒന്നുമില്ല എന്നതാണ് ഏറ്റവും ഭയാനകം.

മലബാറിലാണ് ഈ പർദ്ദവൽക്കരണം ഏറ്റവുമധികം നടക്കുന്നത്. തൃശ്ശൂർ മുതൽ തിരുവനന്തപുരം വരേയ്ക്ക് ഇപ്പോഴും അവനവന്റെ വസ്ത്ര സ്വാതന്ത്ര്യത്തെക്കുറിച്ച് കൃത്യമായ ബോധമുള്ള പെൺകുട്ടികളുണ്ട്. ഇവിടങ്ങളിലൊക്കെ ഇപ്പോഴും സാരിയുടെ തുമ്പ് തലയിലിട്ട് മാത്രം നടക്കുന്ന സ്ത്രീകളുണ്ട്. ഇവരിലൊക്കെയാണ് ഇപ്പോഴും പ്രതീക്ഷയുള്ളത്.

-സാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button