ഉഡുപ്പി: ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പർദ്ദയണിഞ്ഞ് കോളേജിലെത്തിയ പെൺകുട്ടി ‘അല്ലാഹു അക്ബര്’ വിളിച്ചത് ഏറെ ചർച്ചയായിരുന്നു. മുസ്കാൻ ഖാൻ എന്നാണു പെൺകുട്ടിയുടെ പേര്. കാവി സ്കാർഫ് ധരിച്ച ഒരു വലിയ ആൺകൂട്ടം തന്നെ കണ്ടതും ജയ് ശ്രീറാം വിളിച്ച് അടുക്കുകയായിരുന്നുവെന്നും അവരെ ഒറ്റയ്ക്ക് നേരിടേണ്ടി വന്നതിൽ വിഷമമില്ലെന്നും പെൺകുട്ടി വെളിപ്പെത്തിയിരുന്നു. ഇപ്പോഴിതാ, സ്ത്രസ്വാതന്ത്ര്യത്തിനായിട്ടാണ് താനടക്കമുള്ള പെൺകുട്ടികൾ പോരാടുന്നതെന്ന് പറഞ്ഞ മുസ്കാനെ ഹിജാബ് അവകാശ സമരപോരാട്ടത്തിൻ്റെ പ്രതീകമാക്കി മാറ്റിയിരിക്കുകയാണ് ക്യാമ്പസ് ഫ്രണ്ട്. ഹിജാബ് അവകാശ സമരപോരാട്ടത്തിൻ്റെ പ്രതീകമാണ് മുസ്കാൻ ഖാനെന്ന് വ്യക്തമാക്കിയ ക്യാമ്പസ് ഫ്രണ്ട് വിഷയവുമായി ബന്ധപ്പെട്ട് പിന്തുണ പ്രഖ്യാപിക്കുന്നതിനായി പെൺകുട്ടിയെ നേരിൽ കാണുകയും ചെയ്തു.
അതേസമയം, നേരത്തെ മുസ്കാന് അഞ്ചു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ജാമിയത്- ഉലമ- ഇ- ഹിന്ദ് രംഗത്ത് വന്നിരുന്നു. കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ നിന്നുള്ള മുസ്കാൻ ഖാനിനാണ് സംഘടന പാരിതോഷികം പ്രഖ്യാപിച്ചത്. മുസ്കാൻ ഖാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മാണ്ഡ്യ പിഇഎസ് കോളജിലെ വിദ്യാർഥിനിയാണ് മുസ്കാൻ ഖാൻ. ഇതിന് പിന്നാലെ മുസ്കാന് പിന്തുണയുമായി കേരള മുസ്ലിം കൾച്ചറൽ സെന്റർ ബെംഗളൂരു (KMCC)വും രംഗത്തെത്തി. ഇന്ത്യൻ പൗരയെന്ന നിലയിൽ തന്റെ ‘അവകാശം ഉറക്കെ പ്രഖ്യാപിച്ചതിന്’ മാണ്ഡ്യ പെൺകുട്ടി മുസ്കാന് പുരസ്കാരം നൽകുമെന്ന് തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകവും (ടിഎംഎംകെ) പ്രഖ്യാപിച്ചു.
‘ഞാൻ പർദ്ദയണിഞ്ഞു എന്ന ഒറ്റക്കാരണം കൊണ്ട് അവരെന്നെ കോളേജിൽ കയറാൻ അനുവദിച്ചില്ല. എന്നെ കണ്ടതും അവർ ജയ് ശ്രീറാം എന്ന് വിളിക്കാൻ തുടങ്ങി. അതിനാൽ അവർക്ക് മറുപടിയെന്നോണം ഞാൻ അള്ളാഹു അക്ബർ തിരിച്ച് ഉറക്കെ വിളിച്ചു. പ്രിൻസിപ്പലും അധ്യാപകരും എനിക്കൊപ്പം നിന്നിരുന്നു. എന്റെ പിന്നാലെ കൂടിയ ആൾക്കൂട്ടത്തിൽ 10 ശതമാനം മാത്രം കോളേജിനകത്തുള്ള വിദ്യാർത്ഥികൾ ആണ്. ബാക്കിയുള്ളവർ പുറത്തുനിന്നും വന്നവരാണ്. ചെറിയ ഒരു കഷ്ണം തുണിക്ക് വേണ്ടി ഞങ്ങളുടെ വിദ്യാഭ്യാസം തന്നെ ഇക്കൂട്ടർ ഇല്ലാതാക്കുകയാണ്’, മുസ്കാൻ എൻ.ഡി.ടി.വിയോട് വെളിപ്പെടുത്തി.
Post Your Comments