പാലക്കാട് : വനംവകുപ്പിനു കീഴിലുള്ള ഏതു പ്രദേശത്തും അനുമതിയില്ലാതെ ട്രക്കിങ് അനുവദിക്കില്ല. അനുമതിയില്ലാത്ത സാഹസിക യാത്രകൾ തടവും പിഴയും വരെ കിട്ടാവുന്ന കുറ്റമാണ്. വനത്തിൽ അതിക്രമിച്ചു കടക്കൽ നിയമ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്യുക. ധോണി, മീൻവല്ലം, അനങ്ങൻമല തുടങ്ങി ഇക്കോ ടൂറിസം മേഖലകളിൽ മാത്രമേ സാധാരണ ട്രക്കിങ്ങിന് അനുമതിയുള്ളൂ. വനംവകുപ്പിനെ അറിയിക്കാതെ വനത്തിലൂടെ നടത്തുന്ന ഏതു യാത്രയും അനധികൃതവും ശിക്ഷാർഹവുമാണ്.
പലയിടത്തും വനയോര, മലയോര മേഖലകളിൽ ഇത്തരത്തിൽ ട്രക്കിങ്ങും യാത്രയും നടത്തുന്നവരുണ്ട്.ഈ രീതിയിൽ യാത്ര നടത്തി ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തിയവർക്കെതിരെ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് കേസെടുക്കുന്നുണ്ട്. വർഷങ്ങൾക്കു മുൻപ് അട്ടപ്പാടിയിൽ ഇത്തരത്തിൽ വനത്തിനുള്ളിൽ പ്രവേശിച്ച ഒരാൾ വെടിയേറ്റു മരിച്ചിരുന്നു. കേരള വനം നിയമത്തിന്റെ അടിസ്ഥാനത്തിൽ, വനംവകുപ്പ് മരിച്ച വ്യക്തിക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.
അതേസമയം ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. ഇന്ന് വാർഡിലേക്ക് മാറ്റുമെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു. ഉമ്മ റഷീദയും സഹോദരനും ബാബുവിനെ ആശുപത്രിയിൽ കയറി സന്ദർശിച്ചു. നാൽപത്തിയെട്ടു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്നലെ ഉച്ചയോടെയാണ് ബാബുവിനെ ആശുപത്രിയിലെത്തിച്ചത്.
ദീർഘമായ സമയം ഭക്ഷണവും വെള്ളവും കിട്ടാത്തതിനാൽ വലിയ ക്ഷീണമുണ്ടായിരുന്നു. രാവിലെ നടത്തുന്ന പരിശോധനകൾക്ക് ശേഷമാണ് വാർഡിലേക്ക് മാറ്റുക. അതിനിടെ ബാബുവിനും കൂട്ടുകാർക്കുമെതിരെ കേസെടുക്കുന്ന കാര്യം വനം വകുപ്പിന്റെ പരിഗണനയിലുണ്ട്. അനുമതിയില്ലാതെ കൂർമ്പാച്ചി മല അതിക്രമിച്ച് കയറിയതിനാണ് കേസ്. തിങ്കളാഴ്‌ച്ച രാവിലെയാണ് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ബാബു കൂർമ്പാച്ചി മല കയറിയത്.
Post Your Comments