Latest NewsNewsIndia

ഇന്ത്യക്ക് ക്ലാസെടുക്കാന്‍ വന്ന പാകിസ്താന് ചുട്ടമറുപടിയുമായി മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസി

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ക്ലാസെടുക്കാന്‍ വന്ന പാകിസ്താന് ചുട്ടമറുപടിയുമായി മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസി. പാകിസ്താന്‍  സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്ന് ഒവൈസി പറഞ്ഞു. പാകിസ്താന്‍ മലാലയയെ സംരക്ഷിക്കാന്‍ സാധിച്ചിട്ടില്ല. അങ്ങനെയുള്ള രാജ്യമാണ് ഇന്ത്യയെ പഠിപ്പിക്കാന്‍ വരുന്നതെന്നും, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യം നോക്കാന്‍ ഞങ്ങള്‍ക്ക് അറിയാമെന്നും ഒവൈസി വ്യക്തമാക്കി.

‘മലാലയെ വെടിവെച്ചിട്ട നാടാണ് പാകിസ്താന്‍. അവരുടെ നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ആ പാകിസ്താനാണ് ഇന്ത്യയെ ഉപദേശിക്കാന്‍ വരുന്നത്’, ഒവൈസി പറഞ്ഞു.

‘പാകിസ്താനിലുള്ള പ്രശ്നങ്ങള്‍ തന്നെ അവര്‍ക്ക് നോക്കാന്‍ ധാരാളമുണ്ട്. ബലൂചിസ്ഥാന്‍ അടക്കമുള്ള കാര്യങ്ങള്‍ അവര്‍ക്കുണ്ട്. എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും അതൊക്കെ അവര്‍ നോക്കട്ടെ. ഇത് എന്റെ വീടായ ഇന്ത്യയിലെ പ്രശ്നങ്ങളാണ്. അത് ഞങ്ങള്‍ ഇന്ത്യക്കാര്‍ നോക്കിക്കോളാം. പാകിസ്താന്റെ ആവശ്യം ഇവിടെയില്ല. നിങ്ങളുടെ കാര്യം മാത്രം നോക്കിയാല്‍ മതി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ പാകിസ്താന്‍ ഞങ്ങളെ ഉപദേശിക്കാന്‍ വരേണ്ട’ , ഒവൈസി വ്യക്തമാക്കി.

പാകിസ്താന്റെ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയായിരുന്നു ഹിജാബ് വിഷയത്തില്‍ ഇന്ത്യക്കെതിരെ രംഗത്ത് വന്നത്. ഇന്ത്യ മുസ്ലീം സ്ത്രീകളുടെ മനുഷ്യാവകാശങ്ങളെ ഹനിക്കുകയാണ്. അവര്‍ക്ക് വിദ്യാഭ്യാസം തന്നെ നിഷേധിച്ചാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെന്നും ഖുറേഷി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button