കേരളത്തിലെ പ്രധാനപ്പെട്ട കൃഷി സമ്പ്രദായം പുരയിട കൃഷിയാണ്. എന്നാല്‍ ജനസാന്ദ്രത കൂടിയതോടെ പല കൃഷിയിടങ്ങളും ഇന്നു പാര്‍പ്പിട സമുച്ചയങ്ങളും ഓഫീസുകളുമായി മാറി. ഗ്രാമങ്ങളിലും, നഗരങ്ങളിലും കൃഷി ചെയ്യാന്‍ ഭൂമി ഇല്ലാതായി. കോവിഡിന്റെ വരവോടെ കാര്‍ഷിക മേഖലയില്‍ ആളുകള്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്.
സര്‍ക്കാരും കൃഷി പ്രോല്‍സാഹിപ്പിക്കുന്നു. സ്ഥലം ഇല്ലായെന്ന കാരണം കൊണ്ടു കൃഷിയില്‍നിന്നു അകന്നു നില്‍ക്കുന്ന ആളുകള്‍ക്കു പരീക്ഷിക്കാന്‍ പറ്റിയ വിദ്യയാണ് വെര്‍ട്ടിക്കല്‍ കൃഷി അഥവാ ലംബ കൃഷി. ഒരു വിളയിറക്കുന്ന സ്ഥലത്തുനിന്നു 100 വിളവെടുപ്പു നടത്താന്‍ ലംബ കൃഷി കര്‍ഷകരെ പ്രാപ്തമാക്കുന്നു. ഇതുവഴി വരുമാനവും കുതിച്ചുയരും.
കേരളത്തില്‍ അധികം പ്രചാരം ലഭിക്കാത്ത കൃഷി രീതിയാണ് ലംബ കൃഷി. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ലംബ കൃഷി രീതി വളരെയധികം ഉപയോഗിക്കപ്പെടുന്നുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ലംബ കൃഷിക്കു പ്രചാരമുണ്ട്. പരിമിതമായ സ്ഥലത്തുനിന്നു മികച്ച വിളവെടുപ്പു സാധ്യമാകുമെന്നതാണ് ലംബ കൃഷിയുടെ അടിസ്ഥാനം തന്നെ. വിടുകളുടെ ടെറസിലും മുറ്റത്തും വരെ ലംബ കൃഷി സാധ്യമാണ്.
തട്ടുത്തട്ടുകളായി കൃഷി ചെയ്യുന്ന രീതിയാണ് ലംബ കൃഷി. ഒരു തട്ടിനു മുകളില്‍ നിശ്ചിത ഉയരത്തില്‍ മറ്റൊരു തട്ട് ക്രമീകരിച്ച് അതില്‍ മണ്ണുനിറച്ച് കൃഷി ചെയ്യുന്ന രീതിയാണിത്. ഉയര്‍ന്ന ജി.എസ്.എം. ഉള്ള പിവി.സി. പൈപ്പുകളിൽ മണ്ണുനിറച്ചും, തട്ടുകളില്‍ ഗ്രോ ബാഗുകള്‍ വയ്ച്ചും ലംബ കൃഷി ചെയ്യപ്പെടുന്നുണ്ട്.
മികച്ച രീതിയില്‍ ചെയ്താല്‍ ലക്ഷങ്ങള്‍ വരുമാനം ഉറപ്പ്
കുറ്റിപ്പയര്‍, ചീര, തക്കാളി, മുളക് പോലുള്ള പച്ചക്കറികളും, ഇഞ്ചി, മഞ്ഞള്‍, കുരുമുളക് പോലെ വരുമാനം നല്‍കുന്നവയും ലംബ കൃഷി ചെയ്യാവുന്നതാണ്. മികച്ച രീതിയില്‍ കൃഷി ചെയ്താല്‍ കുറഞ്ഞ സ്ഥലത്തുനിന്നു ലക്ഷങ്ങള്‍ വരുമാനം നേടിത്തരാന്‍ ലംബ കൃഷിക്കു സാധിക്കും. ജലസേചനത്തിനും മറ്റും ഡ്രിപ് ഇറിഗേഷന്‍ സംവിധാനം ഉപയോഗപ്പെടുത്താം. അതിനാല്‍ തന്നെ വേനല്‍ക്കാലത്തും ലംബ കൃഷി വരുമാനം മാര്‍ഗം തന്നെ.
ലംബ കൃഷി ഘടന ആദ്യമായി ഒരുക്കുകയെന്നതു അല്‍പം ചെലവേറിയതായി തോന്നാം എന്നാല്‍ ആദ്യ രണ്ടു വിളവെടുപ്പില്‍ നിന്നു തന്നെ മുടക്കു മുതല്‍ ലഭിക്കുമെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. കൃഷിക്കായതിനാല്‍ തന്നെ കുറഞ്ഞ പലിശയില്‍ ബാങ്കുകളുടെ പലിശയും ഉപയോഗപ്പെടുത്താം. തുടര്‍ന്ന് സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളും ഉപയോഗിക്കാം.
Post Your Comments