ലണ്ടൻ: ആഡംബരത്തിന്റെ അവസാനവാക്കായ റോൾസ് റോയ്സ് കമ്പനി വിശ്വപ്രസിദ്ധമായ തങ്ങളുടെ ലോഗോ മാറ്റുന്നു. കമ്പനി സ്ഥാപിച്ച് 111 വർഷങ്ങൾക്കു ശേഷമാണ് റോൾസ് റോയ്സ് ലോഗോയിൽ മാറ്റം വരുത്തുന്നത്. 1911 ഫെബ്രുവരി ആറാം തീയതിയാണ് റോൾസ് റോയ്സ് മോട്ടോഴ്സ് ബ്രിട്ടനിൽ സ്ഥാപിക്കപ്പെട്ടത്.
ചാൾസ് സൈക്സ് എന്ന ഡിസൈനറാണ് നിലവിലുള്ള ലോഗോവായ ‘ സ്പിരിറ്റ് ഓഫ് എക്സ്റ്റസി’ ഡിസൈൻ ചെയ്തത്. ചെറിയ മാറ്റങ്ങളോടെ ആ ലോഗോ തന്നെയാണ് കമ്പനി പരിഷ്കരിച്ച് പുറത്തിറക്കിയിരിക്കുന്നത്. ലണ്ടനിലെ റോയൽ കോളേജ് ഓഫ് ആർട്ട് വിദ്യാർത്ഥിയായ ചാൾസ്, ഫ്ലൈയിംഗ് ലേഡി എന്നും താൻ സൃഷ്ടിച്ച സ്ത്രീ പ്രതിമയെ വിശേഷിപ്പിച്ചിരുന്നു. കൈകൾ പിറകിലേക്ക് വിരിച്ചു പിടിച്ച് മുന്നോട്ടാഞ്ഞ് നിൽക്കുന്ന സ്ത്രീയുടെ ലോഗോ പിന്നീട് വിശ്വപ്രസിദ്ധമായി മാറി.
ഒരുകാൽ മുന്നോട്ടു വെച്ച രീതിയിൽ, ചിറകു പോലെ തോന്നിപ്പിക്കുന്ന വസ്ത്രം കുറച്ചുകൂടി ലംബമായി പിടിച്ച് മുന്നോട്ട് നോക്കി നിൽക്കുന്ന രീതിയിലാണ് പുതിയ ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇലക്ട്രിക് കാറുകളുടെ യുഗം ആരംഭിക്കുന്നതിനു മുന്നോടിയായാണ് റോൾസ് റോയ്സ് കമ്പനി തങ്ങളുടെ ലോഗോയിൽ മാറ്റം വരുത്തിയത് എന്നും വാർത്തകൾ പുറത്തു വരുന്നു
Post Your Comments