ഇസ്ലാമബാദ് : കർണാടകയിലെ ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി നൊബേൽ സമ്മാന ജേതാവും പാകിസ്ഥാനി വനിത വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസഫ്‌സായ്. പെൺകുട്ടികളെ ഹിജാബ് ധരിച്ച് സ്കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകമാണെന്ന് മലാല യൂസഫ്‌സായ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മലാലയുടെ പ്രതികരണം.
‘പെൺകുട്ടികളെ ഹിജാബ് ധരിച്ച് സ്കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകം. എന്ത് ധരിക്കണം എന്നതിന്റെ പേരിൽ സ്ത്രീകളെ വസ്തുവൽക്കരിക്കുന്നത് നിലനിൽക്കുന്നു. ഇന്ത്യൻ നേതാക്കൾ മുസ്ലീം സ്ത്രീകളെ പാർശ്വവൽക്കരിക്കുന്നത് അവസാനിപ്പിക്കണം’- മലാല ട്വിറ്ററിൽ കുറിച്ചു.
“College is forcing us to choose between studies and the hijab”.
Refusing to let girls go to school in their hijabs is horrifying. Objectification of women persists — for wearing less or more. Indian leaders must stop the marginalisation of Muslim women. https://t.co/UGfuLWAR8I
— Malala (@Malala) February 8, 2022
അതേസമയം, വിദ്യാർത്ഥികൾ ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കർണാടകയിലെ എല്ലാ സ്‌കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടും. സമാധാനവും ഐക്യവും നിലനിർത്താൻ എല്ലാ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിടാൻ ഉത്തരവിട്ടതായി മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ ട്വീറ്റ് ചെയ്തു.
ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് ഉഡുപ്പിയിലെ സർക്കാർ കോളേജിലെ അഞ്ച് സ്ത്രീകൾ സമർപ്പിച്ച ഹർജികൾ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസ് ഇന്നലെ പരിഗണിച്ച ഹൈക്കോടതി ഇന്ന് വാദം കേൾക്കും. വിദ്യാർഥികളോടും പൊതുജനങ്ങളോടും സമാധാനം പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പൊതുസമൂഹത്തിന്റെ വിവേകത്തിലും നന്മയിലും ഈ കോടതിക്ക് പൂർണ വിശ്വാസമുണ്ടെന്നും അത് പ്രയോഗത്തിൽ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ ശ്രീപാദ് പറഞ്ഞു.
Post Your Comments