
ഉഡുപ്പി സ്‌കൂളിലെ ഹിജാബ് വിഷയം കർണാടകയിൽ കത്തിപ്പടരുകയാണ്. ഉഡുപ്പിയിലെ പെൺകുട്ടികൾക്ക് പിന്തുണയുമായി കർണാടകയിലെ നിരവധി കോളേജിലെ മുസ്ലിം പെൺകുട്ടികൾ പർദ്ദയും ഹിജാബും ധരിച്ചാണ് കഴിഞ്ഞ ദിവസം കോളേജിൽ എത്തിയത്. ഇതിൽ മുസ്‌കാൻ എന്ന പെൺകുട്ടിയുടെ പ്രതിഷേധ പ്രകടനം ഏറെ ചർച്ചയായിരുന്നു. കാവി ഷാൾ അണിഞ്ഞ് ‘ജയ് ശ്രീറാം’ വിളിച്ചെത്തിയ ആൺകുട്ടികൾക്ക് മുന്നിലൂടെ ‘അല്ലാഹു അക്ബർ’ വിളിക്കുന്ന മുസ്കാന്റെ വീഡിയോ ദേശീയ മാധ്യമങ്ങൾ ചർച്ചയാക്കുകയാണ്.
കാവി സ്കാർഫ് ധരിച്ച ഒരു വലിയ ആൺകൂട്ടം തന്നെ കണ്ടതും ജയ് ശ്രീറാം വിളിച്ച് അടുക്കുകയായിരുന്നുവെന്നും അവരെ ഒറ്റയ്ക്ക് നേരിടേണ്ടി വന്നതിൽ വിഷമമില്ലെന്നും പെൺകുട്ടി വെളിപ്പെത്തുന്നു. വസ്ത്രസ്വാതന്ത്ര്യത്തിനായിട്ടാണ് താനടക്കമുള്ള പെൺകുട്ടികൾ പോരാടുന്നതെന്നും പെൺകുട്ടി പറഞ്ഞു.
Also Read:കാൽപ്പാദങ്ങൾ മനോഹരമാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
‘ഞാൻ പർദ്ദയണിഞ്ഞു എന്ന ഒറ്റക്കാരണം കൊണ്ട് അവരെന്നെ കോളേജിൽ കയറാൻ അനുവദിച്ചില്ല. എന്നെ കണ്ടതും അവർ ജയ് ശ്രീറാം എന്ന് വിളിക്കാൻ തുടങ്ങി. അതിനാൽ അവർക്ക് മറുപടിയെന്നോണം ഞാൻ അള്ളാഹു അക്ബർ തിരിച്ച് ഉറക്കെ വിളിച്ചു. പ്രിൻസിപ്പലും അധ്യാപകരും എനിക്കൊപ്പം നിന്നിരുന്നു. എന്റെ പിന്നാലെ കൂടിയ ആൾക്കൂട്ടത്തിൽ 10 ശതമാനം മാത്രം കോളേജിനകത്തുള്ള വിദ്യാർത്ഥികൾ ആണ്. ബാക്കിയുള്ളവർ പുറത്തുനിന്നും വന്നവരാണ്. ചെറിയ ഒരു കഷ്ണം തുണിക്ക് വേണ്ടി ഞങ്ങളുടെ വിദ്യാഭ്യാസം തന്നെ ഇക്കൂട്ടർ ഇല്ലാതാക്കുകയാണ്’, മുസ്കാൻ എൻ.ഡി.ടി.വിയോട് വെളിപ്പെടുത്തി.
ഇന്നലെയായിരുന്നു സംഭവം. വൈറലായ വീഡിയോയിൽ, ഹിജാബ് ധരിച്ച മുസ്കാൻ സ്‌കൂട്ടറിൽ തന്റെ കോളേജിലേക്ക് വരുന്നത് കാണാം. സ്‌കൂട്ടർ പാർക്ക് ചെയ്‌ത ശേഷം ക്ലാസിലേക്ക് നടക്കുന്നതിനിടെ കാവി ഷാൾ ധരിച്ച ഒരു കൂട്ടം ആൺകുട്ടികൾ ‘ജയ് ശ്രീറാം’ എന്ന് വിളിച്ച് പെൺകുട്ടിയുടെ അടുത്തേക്ക് നീങ്ങി. ഇതിൽ അസ്വസ്ഥയായ പെൺകുട്ടി ‘അല്ലാഹു അക്ബർ’ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. തന്റെ കൈകൾ മുകളിലേക്കുയർത്തിയാണ് പെൺകുട്ടി ‘അല്ലാഹു അക്ബർ’ എന്ന് വിളിച്ച് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
Post Your Comments