ന്യൂഡൽഹി: ഇന്ത്യൻ ആർമി ചിനാർ കോർപ്സിന്റെ പേജുകൾ അകാരണമായി ബ്ലോക്ക് ചെയ്ത് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സാമൂഹിക മാധ്യമങ്ങൾ. അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടിട്ട് ഒരാഴ്ചയായെങ്കിലും, ഇതിന് വ്യക്തമായ വിശദീകരണം നൽകാൻ മെറ്റ തയ്യാറായിട്ടില്ല. കശ്മീർ താഴ്വര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈനിക വിഭാഗമാണ് ചിനാർ കോർപ്സ്.
പ്രതിരോധപരമായ വിവരങ്ങൾ കൂടാതെ, തദ്ദേശവാസികൾക്ക് ആർമിയുടെ ജന താൽപര്യാർത്ഥമുള്ള സേവന പദ്ധതികളെ കുറിച്ചുള്ള വിവരങ്ങളും പങ്കു വയ്ക്കാൻ ആണ് ഈ ഹാൻഡിലുകൾ ഉപയോഗിച്ചിരുന്നത്.സോഷ്യൽ മീഡിയ ഭീമന്റെ കാരണമില്ലാതെയുള്ള ഈ പ്രവർത്തിയെ തുടർന്ന് സോഷ്യൽ മീഡിയകളിൽ വൻപ്രതിഷേധം നടക്കുകയാണ്. ഇന്ത്യൻ സൈന്യത്തിന്റെയും കശ്മീരിലെ നിലവിലെ പ്രശ്നങ്ങളെയും സംബന്ധിച്ച് ശരിയായ വിവരങ്ങൾ, ജനങ്ങളിലേക്കെത്തിക്കുന്നതിന് വേണ്ടിയാണ് സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിച്ചത്. എന്നാൽ, ഈ അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ, ഇതുവരെ അവരുടെ ഭാഗത്തു നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്നും സൈന്യത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
സാധാരണയായി ഫേസ്ബുക്ക് നയങ്ങൾക്കെതിരായുള്ള അക്രമം പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ പങ്കുവെക്കുമ്പോഴോ, ഒരു പരിധിയിലധികം പേർ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ മാത്രമാണ് അക്കൗണ്ടുകൾ മരവിപ്പിക്കുക. എന്നാൽ, ഈ സംഭവത്തിൽ അക്കൗണ്ടുകൾ മരവിപ്പിച്ചതിന് പിന്നിലുള്ള കാരണം മെറ്റ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും ചിനാർ കോർപ്സ് അറിയിച്ചു.
Post Your Comments