പാലക്കാട്: കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യമാണ് ഒടുവില്‍ വിജയം കണ്ടത്. സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒറ്റക്ക് ബാബുവിനെ രക്ഷപ്പെടുത്താന്‍ സാധിക്കാതിരുന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു. സൈന്യത്തിന്റെയും മറ്റ് സംവിധാനങ്ങളുടെയും ശ്രമകരമായ ദൗത്യത്തിനൊടുവിൽ ഇന്നാണ് ബാബുവിനെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനായത്. സോഷ്യൽ മീഡിയകളിൽ ഇന്ത്യൻ കരസേനയ്ക്ക് അഭിനന്ദന പ്രവാഹമാണ്. ഇതിനിടയിൽ ശ്രദ്ധേയമാവുകയാണ് ആബിദ് അടിവാരം എന്ന യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.
അടിയന്തിര ഘട്ടത്തിൽ ഉപയോഗപ്പെടുത്താൻ കൂടി വേണ്ടിയാണ് ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകി കുറച്ചു പേരെ രാജ്യം തീറ്റിപ്പോറ്റുന്നതെന്നും അവർ വന്നു രക്ഷപ്പെടുത്തി, അവരുടെ ഉത്തരവാദിത്തം നിർവഹിച്ചു. അതിൽ സന്തോഷവും നന്ദിയും രേഖപ്പെടുത്താം, സല്യൂട്ടും അടിക്കാമെന്ന് പോസ്റ്റിൽ പറയുന്നു. അതിൽ കൂടുതൽ തള്ളലുകളുടെ ആവശ്യമുണ്ടോ എന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. ഇന്ത്യയിലെ ഓരോ മനുഷ്യനും തന്റെ ജീവന് ഇന്ത്യൻ സൈന്യത്തോട് കടപ്പെട്ടിരിക്കുന്നു, സൈന്യമില്ലെങ്കിൽ രാജ്യമില്ല തുടങ്ങിയ തള്ളുകളൊക്കെ നല്ല ഓവറാണ് എന്നും രാജ്യമില്ലെങ്കിൽ സൈന്യമില്ല, ഇന്ത്യയിലെ ഓരോ സൈനീകനും രാജ്യത്തെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു എന്നാണ് പറയേണ്ടതെന്നും കുറിപ്പിൽ പറയുന്നു. പോസ്റ്റ് വൈറലായതിനു പിന്നാലെ ആബിദിന് നേരെ സൈബർ ആക്രമണവും ആരംഭിച്ചു. ഇതോടെ, ആബിദിന് പിന്തുണ അറിയിച്ച് സ്മൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിങ്കര രംഗത്ത് വന്നു.
വൈറലാകുന്ന കുറിപ്പിൽ പറയുന്നതിങ്ങനെ:
ബാബുവിനെ രക്ഷിച്ചവർക്ക് നന്ദി… അതിലപ്പുറം വലിയ ആർമി തള്ളൊക്കെ വേണോ..? വയനാട് ചുരത്തിൽ വാഹനങ്ങൾ കൊക്കയിലേക്ക് മറിഞ്ഞ് ആളുകൾ പെട്ടു പോകാറുണ്ട്. ശ്രമകരമാണ് രക്ഷാ ദൗത്യം. നാട്ടുകാരോ, അടിവാരത്തെ ക്രെയിൻ സർവ്വീസുകാരോ രക്ഷിക്കും, അവർക്ക് പറ്റാതാത്തിടത്ത് ഫയർ ആൻഡ് റസ്ക്യൂ ടീം വരും ചിലപ്പോൾ ബേപ്പൂരിൽ നിന്ന് മാപ്പിളക്കലാസികൾ വരും. കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള അറിവും സാങ്കേതിക വിദ്യയും കയ്യിൽ ഉള്ളവർ രക്ഷാ പ്രവർത്തനം നടത്തും, അതൊരു മഹത്തായ കാര്യമൊന്നുമല്ല. മനുഷ്യർ പരസ്പരം ചെയ്യേണ്ട പ്രാഥമിക ഉത്തരവാദിത്തമാണ്. ബാബു 48 മണിക്കൂർ കുടുങ്ങിയപ്പോൾ നാട്ടുകാർക്കും കേരളത്തിന്റെ റെസ്‌ക്യൂ ടീമിനും അവരെ രക്ഷിക്കാൻ കഴിയാതെ പോയത് സാങ്കേതിക സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ടാണ്, ഇത്തരം അടിയന്തിര ഘട്ടത്തിൽ ഉപയോഗപ്പെടുത്താൻ കൂടി വേണ്ടിയാണ് ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകി കുറച്ചു പേരെ രാജ്യം തീറ്റിപ്പോറ്റുന്നത്. അവർ വന്നു രക്ഷപ്പെടുത്തി. അവരുടെ ഉത്തര വാദിത്തം നിർവഹിച്ചു. അതിൽ സന്തോഷവും നന്ദിയും രേഖപ്പെടുത്താം, സല്യൂട്ടും അടിക്കാം.
അതിലപ്പുറം “ഇന്ത്യയിലെ ഓരോ മനുഷ്യനും തന്റെ ജീവന് ഇന്ത്യൻ സൈന്യത്തോട് കടപ്പെട്ടിരിക്കുന്നു” “സൈന്യമില്ലെങ്കിൽ രാജ്യമില്ല” തുടങ്ങിയ തള്ളുകളൊക്കെ നല്ല ഓവറാണ്. കാര്യം നേരെ തിരിച്ചാണ്. രാജ്യമില്ലെങ്കിൽ സൈന്യമില്ല, ഇന്ത്യയിലെ ഓരോ സൈനീകനും രാജ്യത്തെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു എന്നാണ് പറയേണ്ടത്. സാമ്രാജ്യത്വത്തിന്റെ കൂട്ടിക്കൊടുപ്പുകാരായ മൂന്നാം ലോകത്തെ രാഷ്ട്രീയക്കാരുടെ സൃഷ്ടിയാണ് അതിർത്തി സംഘർഷങ്ങളും, വരുമാനത്തിന്റെ പകുതിയും തിന്നു തീർക്കുന്ന സൈന്യവും. ബോധം വന്ന ജനങ്ങളും ഭരണാധികാരികളുമുള്ള നാടുകളിൽ അതിർത്തിയിൽ ബാരിക്കേഡുകളും മുള്ളുവേലികളുമല്ല, പൂന്തോട്ടങ്ങളാണുള്ളത്. ഫാസിസം വാ പിളർന്നിരിക്കുന്ന ഒരു രാജ്യത്ത് ഒരാവശ്യവുമില്ലാത്തിടത്ത് ആർമി ഹല്ലേലുയ്യകൾ അത്ര നല്ലതല്ല.
Post Your Comments