
തിരുവനന്തപുരം: പേരൂർക്കട കുറവൻകോണത്ത് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പ്രീതിയെന്നു സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.
ഞായറാഴ്ച ലോക്ക്ഡൌൺ ആയതിനാൽ പട്ടാപ്പകൽ പോലീസ് നഗരം മുഴുവൻ കാവൽ നിൽക്കുമ്പോഴാണ് വിനീത കുത്തേറ്റ് മരിക്കുന്നത്. 38കാരിയുടേത് കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണെന്നും പോലീസ് സംശയിക്കുന്നുണ്ട്.
വിനീത കടയിൽ ഒറ്റയ്ക്കാണെന്ന് അറിയുന്നവർ കരുതിക്കൂട്ടി ചെയ്തതാണെന്നാണ് സംശയം. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നെടുമങ്ങാട് കരിപ്പൂര് വാണ്ട ചാരുവള്ളിക്കോണത്തിനു സമീപം പറമ്പള്ളികോണം കുന്നുംപുറത്തു വീട്ടിൽ രാഗിണിയുടെയും വിജയന്റെയും മകൾ വിനീത വിജയൻ (38) ആണ് കൊല്ലപ്പെട്ടത്. റോഡരികിലുള്ള ടാബ്‌സ് ഗ്രീൻടെക് അഗ്രി ക്ലിനിക് ജീവനക്കാരിയായിരുന്നു വിനീത.
ഞായറാഴ്ച ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ നഗരം മുഴുവൻ പൊലീസ് കാവൽ നിൽക്കെയായിരുന്നു കൊലപാതകം. കഴുത്തിൽ മൂന്ന് കുത്തുകളേറ്റ നിലയിലായിരുന്നു. ചോരവാർന്നാണ് മരണം സംഭവിച്ചത്.കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ടാർപോളിൻ കൊണ്ടു മൂടിയിട്ട നിലയിലായിരുന്നു. 3 ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ടെങ്കിലും ഞായറാഴ്ച ഒരാൾ മാത്രമേ ഉണ്ടാകാറുള്ളൂ. ഊഴമനുസരിച്ച് വിനീതയ്ക്കായിരുന്നു ഇന്നലത്തെ ഡ്യൂട്ടി.
ചെടി വാങ്ങാൻ എത്തിയവർ കടയിൽ ആരെയും കണാതായതോടെ ഉടമ തോമസ് മാമനെ വിളിച്ചു വിവരം പറയുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. ഇദ്ദേഹം വിനീതയുടെ ഫോണിൽ പലവതണ വിളിച്ചെങ്കിലും എടുത്തില്ല.കടയ്ക്കു സമീപം താമസിക്കുന്ന മറ്റൊരു ജീവനക്കാരിയെ ഇവിടേക്കു പറഞ്ഞയച്ചു. അവരാണ് മൃതദേഹം ആദ്യം കണ്ടത്. നഴ്സറിയുടെ ഇടതുഭാഗത്തെ ഇടുങ്ങിയ സ്ഥലത്താണ് വിനിതയുടെ മൃതേദഹം കണ്ടെത്തിയത്. പിന്നീട് പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി സ്ഥലത്ത് പരിശോധന നടത്തി.
റോഡിനോടു ചേർന്ന ഒറ്റനില വീട്ടിലാണു സ്ഥാപനം പ്രവർത്തിക്കുന്നത്. പുല്ല് വെട്ടുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ മൂര്‍ച്ചയേറിയ മൂന്ന് കുത്തേറ്റാണ് മരണം സംഭവിച്ചത്. വിനീതയെ അടുത്തറിയാവുന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. കടയിൽ യുവതി തനിച്ചാണെന്നു ബോധ്യമുള്ള ആൾ ആയുധവുമായി എത്തി കരുതിക്കൂട്ടി ആക്രമിച്ചതാണെന്നു പൊലീസ് സംശയിക്കുന്നു.
വിനീതയുടെ കഴുത്തിൽ കിടന്ന 4 പവന്റെ സ്വർണമാല കാണാനില്ലെന്നു ബന്ധുക്കൾ മൊഴി നൽകി. അതേസമയം കാഷ് കൗണ്ടറിൽ നിന്നുള്ള പണം നഷ്ടമായിട്ടില്ല. വിനീതയുടെ ഭർത്താവ് പത്തനംതിട്ട ഗവി സ്വദേശി സെന്തിൽ കുമാർ രണ്ടു വർഷം മുൻപാണു മരിച്ചത്. 9 മാസം മുൻപാണ് വിനീത ഈ സ്ഥാപനത്തിൽ ജോലിക്കു കയറിയത്. മക്കൾ: അക്ഷയ് കുമാർ, അനന്യ കുമാർ.
Post Your Comments