ന്യൂഡല്‍ഹി: യു.പിയില്‍ ഭരണമാറ്റത്തിനായി ജയിലിലടക്കപ്പെട്ട ചില കുറ്റവാളികള്‍ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
യോഗി ആദിത്യനാഥിന്റെ ഭരണകാലത്ത് കുറ്റവാളികള്‍ ജയിലിലേക്ക് ഓടുകയായിരുന്നു. ഇപ്പോള്‍ ഭരണമാറ്റം ഉണ്ടാകുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ പുറത്തിറങ്ങാനും ജനങ്ങളോട് പ്രതികാരം ചെയ്യാനുമായി അവര്‍ കാത്തിരിക്കുകയാണെന്നും ജയിലില്‍ കഴിയുന്ന എസ്.പി നേതാവ് അസം ഖാനെ കുറിച്ച് പരാമര്‍ശം നടത്തവെ നരേന്ദ്ര മോദി പറഞ്ഞു.
യു.പിയിലെ ബിജ്നോറില്‍ നടന്ന വെര്‍ച്വല്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരിട്ടുള്ള പ്രചാരണത്തിനായി ബിജ്നോറിലെത്താന്‍ തീരുമാനിച്ച അദ്ദേഹത്തിന് മോശം കാലാവസ്ഥയില്‍ ഹെലികോപ്റ്റര്‍ യാത്ര സാദ്ധ്യമാകാത്തതിനാലാണ് വെര്‍ച്വലായി പങ്കെടുത്തത്. ‘എസ്.പി എന്ന് പറഞ്ഞാല്‍ ഗുണ്ടാരാജിനും ദുര്‍ഭരണത്തിനും തുല്യമാണ്. എസ്.പി ഭരണകാലത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ രൂക്ഷമായിരുന്നു. എന്നാല്‍ സ്ത്രീകളെ ഗുണ്ടാരാജില്‍ നിന്ന് യോഗി സര്‍ക്കാര്‍ മോചിപ്പിച്ചു.’
‘2017 വരെ അവര്‍ യു.പിയിലെ വികസന നദിയെ തടഞ്ഞ് വച്ചു. അവര്‍ സ്വന്തം ഖജനാവ് മാത്രമാണ് നിറച്ചത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം തികയ്ക്കുമ്പോള്‍ യു.പി അതിന്റെ വികസന ചരിത്രം അടയാളപ്പെടുത്തണം. യു.പിയുടെ സമ്പൂര്‍ണ വികസനത്തിനായി അടുത്ത 25 വര്‍ഷം ബി.ജെ.പിക്ക് അവസരം നല്‍കണം. യോഗിയുടെ സര്‍ക്കാര്‍ കരിമ്പ് കര്‍ഷകരുടെ ഒന്നര ലക്ഷം കോടി രൂപയുടെ കുടിശ്ശികയാണ് കൊടുത്ത് തീര്‍ത്തത്’ പ്രധാനമന്ത്രി പറഞ്ഞു.
യോഗി ആദിത്യനാഥിന്റെ കാലത്ത് നിരവധി ഗുണ്ടാ സംഘങ്ങൾ ആണ് ജയിലിലായതും എൻകൗണ്ടറിൽ കൊല്ലപ്പെട്ടതും. യോഗി എന്നാൽ ഗുണ്ടകൾക്ക് ഭയമാണ്. ഇപ്പോൾ ഗുണ്ടകളും രാജ്യവിരുദ്ധരുമെല്ലാം യോഗി ഭരണം അവസാനിക്കാനായി കാത്തിരിക്കുന്നു എന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്.
Post Your Comments