ന്യൂഡല്‍ഹി: കശ്മീരിലെ വിഘടനവാദികളെ പിന്തുണച്ച ഹ്യൂണ്ടായിക്കെതിരെ
ശക്തമായ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലെ ദക്ഷിണ കൊറിയന്‍ അംബാസഡറെ വിളിച്ചുവരുത്തി താക്കീത് നല്‍കി. ഹ്യൂണ്ടായി പാകിസ്താന്‍ നടത്തിയ അസ്വീകാര്യമായ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഇന്ത്യ ശക്തമായ അതൃപ്തി അറിയിച്ചു. ഹ്യൂണ്ടായി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ഇന്ത്യയിലെ ദക്ഷിണ കൊറിയന്‍ അംബാസിഡര്‍ ചുങ് ഇയു യോഗ് വിദേകാര്യമന്ത്രി എസ് ജയശങ്കറുമായി സംസാരിച്ചതായി വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു. ഹ്യുണ്ടായിയുടെ പേരില്‍ നടന്ന അനൗദ്യോഗിക പ്രവര്‍ത്തനം കൊണ്ട് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ അങ്ങേയറ്റം പശ്ചാത്തപിക്കുന്നുവെന്നാണ് ചുങ് ഇയു യോഗ് അറിയിച്ചു.
വിഷയത്തില്‍ ആത്മാര്‍ത്ഥമായി മാപ്പ് പറയാന്‍ ഹ്യൂണ്ടായിയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനമായ ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യന്‍ പ്രദേശം വേര്‍പെടുത്താന്‍ ശ്രമിക്കുന്ന പോസ്റ്റ് ഹ്യൂണ്ടായി ഷെയര്‍ ചെയ്തത്. ‘കശ്മീരി സഹോദരങ്ങളുടെ ത്യാഗങ്ങള്‍ നമുക്ക് ഓര്‍മ്മിക്കാം, അവര്‍ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമ്പോള്‍ പിന്തുണ നല്‍കാം’ എന്നായിരുന്നു പാകിസ്താന്‍ ഹ്യൂണ്ടായിയുടെ പോസ്റ്റ്.
പിന്നാലെ BoycottHyundai ഹാഷ്ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആവുകയും ഹ്യൂണ്ടായി പോസ്റ്റ് പിന്‍വലിക്കുകയുമായിരുന്നു. വിഷയം ഹ്യൂണ്ടായിയുടെ വിപണനത്തേയും ബാധിച്ചതോടെ മാപ്പപേക്ഷിച്ച് ഹ്യൂണ്ടായി എത്തിയിരുന്നു.
Post Your Comments