ഡെറാഡൂൺ : ദേവഭൂമിയായ ഉത്തരാഖണ്ഡിനെ ഹിന്ദുക്കളുടെ ആത്മീയ കേന്ദ്രമാക്കി മാറ്റുമെന്ന വാഗ്ദാനവുമായി ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. സംസ്ഥാനത്തെ യുവാക്കൾക്ക് ആവശ്യമായ ജോലി നൽകുമെന്നും കെജ്രിവാൾ വാഗ്ദാനം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണത്തിനായി ഉത്തരാഖണ്ഡിൽ എത്തിയ കെജ്രിവാൾ ഹരിദ്വാറിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു.
ആം ആദ്മി പാർട്ടി വിജയിച്ചാൽ ഉത്തരാഖണ്ഡിനെ അന്താരാഷ്ട്ര തലത്തിൽ ഹിന്ദുക്കളുടെ ആത്മീയ കേന്ദ്രമാക്കി മാറ്റും. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചരിത്രപരമാണെന്നാണ് കെജ്രിവാൾ വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഡൽഹി മുഖ്യമന്ത്രിയ്ക്ക് ഭക്തി വർദ്ധിച്ചുവെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് കെജ്രിവാൾ പുതിയ വാഗ്ദാനങ്ങളുമായി എത്തിയിരിക്കുന്നത്.
എല്ലാ തെരഞ്ഞെടുപ്പ് സമയത്തും തീവ്ര ഹിന്ദുത്വ നിലപാടുമായി എത്തുന്ന കെജ്രിവാൾ ഇലക്ഷൻ കഴിഞ്ഞാൽ കഴിഞ്ഞതെല്ലാം മറക്കുന്നെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാണ്. അയോദ്ധ്യ, അജ്മീർ ഷരീഫ്, കർതാർപൂർ സാഹിബ് എന്നിവിടങ്ങളിലേക്ക് സൗജന്യ തീർത്ഥാടന യാത്ര ഉറപ്പാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവും കെജ്രിവാൾ ആവർത്തിച്ചു.
Post Your Comments