ന്യൂഡൽഹി: ഇന്ത്യയിൽ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിത്ത് പാകിയതിന് കോൺഗ്രസ് പാർട്ടി ഉത്തരവാദികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി കോൺഗ്രസ് പാർട്ടിയെ വലിച്ചു കീറിയത്. രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടിയായി, കോൺഗ്രസ് പാർട്ടി ഇന്ത്യയിലെ ‘തുക്ഡെ-തുക്ഡെ’ സംഘത്തിന്റെ നേതാവാണെന്നും ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ആശയത്തിലാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
‘നമ്മുടെ ദേശീയ പൈതൃകം ഒന്നാണ്. കോൺഗ്രസ് എന്തിനാണ് ഈ പൈതൃകത്തെ അവഹേളിക്കുന്നത്? കോൺഗ്രസ് പാർലമെന്റിനെയും ഇന്ത്യയെയും അപമാനിച്ചു. രാഷ്ട്രം ഒരു ഭരണസംവിധാനമല്ല, അത് നമ്മുടെ ആത്മാവിൽ സജീവമാണ്. അടുത്തിടെ തമിഴ് വികാരം ഉണർത്താൻ കോൺഗ്രസും നേതാക്കളും ശ്രമിച്ചിരുന്നു. ഇന്ത്യയെ തകർത്ത് വിഭജിച്ച് ഭരിക്കാൻ അവർ ആഗ്രഹിക്കുന്നു. ജനറൽ ബിപിൻ റാവത്തിനെ രക്ഷിക്കാൻ നമ്മുടെ തമിഴ് സഹോദരങ്ങൾ മണിക്കൂറുകളോളം പരിശ്രമിച്ചു,
‘ജനറൽ റാവത്തിനെ അഭിവാദ്യം ചെയ്യാൻ തമിഴ് സഹോദരന്മാർ ‘വീർ വണക്കം’ പറഞ്ഞു, എന്നാൽ ഇന്ത്യയുടെ ധീരതയെക്കുറിച്ചുള്ള സത്യത്തെ കോൺഗ്രസ് വെറുക്കുന്നു. തമിഴ് ജനതയെ അപമാനിക്കുന്നു’ പ്രധാനമന്ത്രി മോദി പറഞ്ഞു. ‘തുക്ഡെ-തുക്ഡെ’ സംഘത്തിന്റെ നേതാവാണ് കോൺഗ്രസ്. പക്ഷെ അവർ അതിലും പരാജയപ്പെടും . കോൺഗ്രസിന് അധികാരത്തിൽ വരാനുള്ള ആർത്തിയിൽ അവർ വിഡ്ഢികളായി മാറിയിരിക്കുന്നു.
രാജ്യത്ത് വിഘടനവാദത്തിന് ശക്തിപകരുന്ന വിത്ത് പാകുകയാണ് കോൺഗ്രസ്. ഈ രാജ്യം ശാശ്വതമാണ്, ഒരു ശക്തിക്കും അതിനെ മാറ്റാൻ കഴിയില്ല. ഈ രാജ്യം മഹത്തരമാണ്, മഹത്തരമായി നിലനിൽക്കും. ഇന്ത്യ ഒന്നായിരുന്നു, എന്നും ഐക്യത്തോടെ നിലകൊള്ളും, കോൺഗ്രസിന്റെയോ മറ്റു പാർട്ടിയുടേയോ ആഗ്രഹം നടക്കില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments