ഖത്തർ ഫുട്ബോള്‍ ലോകകപ്പിനായി കാത്തിരിക്കുകയാണ് ആരാധകർ. ടീമുകളാകട്ടെ യോഗ്യത ഉറപ്പാക്കാൻ പൊരുതുകയാണ്. പതിനഞ്ച് ടീമുകളാണ് ഇതുവരെ ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ചത്. ഏഷ്യ വേദിയാവുന്ന രണ്ടാമത്തെ ലോകകപ്പിന് ഖത്തർ ഒരുങ്ങിക്കഴിഞ്ഞു. 32 ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പിലേക്ക് യോഗ്യത ഉറപ്പാക്കിയത് പതിനഞ്ച് ടീമുകൾ.
ആതിഥേയരായ ഖത്തറാണ് ആദ്യം യോഗ്യത നേടിയ ടീം. യൂറോപ്പിൽ നിന്ന് ജർമനി, ഡെൻമാർക്ക്, ബെൽജിയം, ഫ്രാൻസ്, ക്രൊയേഷ്യ, സ്പെയിൻ, സെർബിയ, ഇംഗ്ലണ്ട്, സ്വിറ്റ്സർലാൻഡ്, നെതർലാൻഡ്സ് എന്നിവർ യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. അർജന്‍റീനയും ബ്രസീലുമാണ് ലാറ്റിനമേരിക്കയിൽ നിന്ന് യോഗ്യത നേടിയത്. ഏഷ്യയിൽ നിന്നും ഇറാനും ദക്ഷിണ കൊറിയയും യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. ആഫ്രിക്ക, കോൺകാഫ് മേഖലകളിലെ ടീമുകൾ പോരാട്ടം തുടരുന്നു.
മാർച്ച് 29ന് പ്ലേഓഫ് മത്സരങ്ങൾ പൂർത്തിയാവുന്നതോടെ യൂറോപ്പിലെ ചിത്രം വ്യക്തമാവും. ഇത്തവണ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലി, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ എന്നിവരിൽ ഒരു ടീമേ ഖത്തറിൽ ഉണ്ടാകൂ എന്നുറപ്പാണ്. ഗ്രൂപ്പ് ഘട്ടത്തിൽ യോഗ്യത നേടാൻ കഴിയാതിരുന്നതോടെ പ്ലേ ഓഫ് കടമ്പ കടക്കണം. ഇറ്റലിയും പോർച്ചുഗലും നേർക്കുനേർ വരുന്ന രീതിയിലാണ് പ്ലേ ഓഫ് മത്സരക്രമം.
Read Also:- പേരക്കയുടെ ഔഷധ ഗുണങ്ങള്‍!
യോഗ്യതാ റൗണ്ടിലൂടെ ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ച ആദ്യ ടീം മുൻ ചാമ്പ്യൻമാരായ ജർമനിയാണ്. ലാറ്റിനമേരിക്കയിൽ നിന്ന് ആദ്യം യോഗ്യത നേടിയത് ബ്രസീലും. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ്. ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഏപ്രിൽ ഒന്നിന് ദോഹയിൽ നടക്കും.
Post Your Comments